അനുജാ ഗണേഷ്

ജലമുഖി

ഇരുട്ടുവീഴുമ്പോൾ വീടുകൾ
കണ്ണടച്ചുറങ്ങും കാലം,
വിളക്കിൻ ചെറുതീനാവിനപ്പുറം
ഇരുട്ടിലാണ്ടുപോം ലോകം,

ഇലച്ചില്ലകൾ കറുപ്പുവിരിക്കും
ചരിവുകളിൽ, ചീവീടിൻ തേക്കം,
സ്വപ്നാടകരുടെ വർത്തമാനം,
അകലെ, കനക്കും ഓരി.

കുറ്റിരുട്ടുപൊതിയും
വഴിക്കപ്പുറം ഒരു കല്ലുവെട്ടാംകുഴി.
ആ നേരം, അവിടമാകെ
പടരും രഹസ്യചലനങ്ങൾ.

പകൽ, അതൊരു ചത്ത വെള്ളക്കെട്ട്.
പാറമുറിവിലിറ്റിയ വാനിൻകഷണം.

രാത്രി മുറ്റുമ്പോൾ, ജലം
മെല്ലെ മന്ത്രമുരുവിടും,
ഇളംതണുപ്പോടെ
കുഞ്ഞുങ്ങളെപ്പേർവിളിക്കും,

വാതിൽവിടവിലൂടത്
കുഞ്ഞുകാതുകളിൽ മാത്രം പതിയും.
അദൃശ്യവെളിച്ചമായാരോ വഴികാട്ടും,
മണ്ണിൽ തൊടാതവരിറങ്ങി നടക്കും.

മരങ്ങളവരെ തണുത്ത
കയ്യാൽ തൊടും.
മരത്തോലിൽ അവരുടെ
വിളിപ്പേരുകൾ തെളിയും.

പുരപ്പുറത്തെറിഞ്ഞ പാൽപ്പല്ലുകൾ
ഇലക്കുമ്പിളിൽ തിളങ്ങിനിൽക്കും,
മിഴിച്ച കണ്ണുകളോടവർ
അത്ഭുതകാഴ്ചകളിൽ മയങ്ങും.

അകലെ, വെള്ളത്തിന്മേൽ
ഒഴുകിനടക്കും ഒരു നിഴൽരൂപം;
അടിതൊടും നീളൻ മുടിയാണ്,
മുഖമോ?
ഇല്ല!

(ജലത്തിന്റെ മുഖമെന്നാൽ
ആകാശത്തിന്റെ മുഖമല്ലേ?)

നാവില്ലാതെ പേര് വിളിക്കും
കൈകളില്ലാതെ തഴുകും.
ജലമിളകുമ്പോൾ ഇളകും
നിലാവുപോലെ തിളങ്ങും.

നോക്കിനിൽക്കേ, കല്ലുവെട്ടാംകുഴി
ഒരു പട്ടുകിടക്കയാകും,
തണുപ്പു പുതപ്പിച്ച്
അവൾ കുഞ്ഞുങ്ങളെ കിടത്തിയുറക്കും.

രാത്രിവെളുത്താലും
ജലമുകളിൽ അവരുറങ്ങികിടക്കും.

അമ്മവിളിക്കുമ്പോൾ
കണ്ണുകൾ തിരുമ്മിത്തുറന്ന്
കിടക്കയിലെ നനവിന്റെ പേരിൽ
പിന്നെയും തല്ലുകൊള്ളും,
പാവം കുഞ്ഞുങ്ങൾ.


Summary: Jalamukhi, Malayalam poem written by Anuja Ganesh and published in Truecopy Webzine packet 309.


അനുജാ ഗണേഷ്

കവി. ബാങ്ക് ജീവനക്കാരിയായും സൈക്കോളജിക്കൽ കൗൺസിലറായും പ്രവർത്തിക്കുന്നു. ‘അയക്കോലിലെ കാക്കകൾ’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments