ഐഷു ഹഷ്ന

ജംഗമവസ്തുവിന്റെ ഞാൻ

അയാളുടെ വീട്ടിലേക്ക്
താമസം മാറിയതിന്റെ
പിറ്റേന്ന് വീടിന്റെ വടക്കേപ്പുറത്ത്
ഞാനൊരു ഞാവൽ നട്ടു.

നട്ടുച്ചക്ക് നട്ടപ്പിരാന്ത്
മൂക്കുമ്പോഴൊക്കെ
ഞാനതിന്റെ ചുവട്ടിലിരുന്ന്
കരഞ്ഞ്, മൂക്ക് ചീറ്റി,
നൈറ്റിയിൽ തുടച്ചു.

തെക്കേയിറയത്തിരുന്ന് ഭ്രാന്തുകളേയൊക്കെ വെറ്റിലയിൽ തേച്ച് മുറ്റത്തേക്ക് തുപ്പിയെറിഞ്ഞു.

വർഷങ്ങൾക്കിപ്പുറം ആ വീട്ടിൽ നിന്ന് തനിച്ചിറങ്ങുമ്പോൾ ജംഗമവസ്തുക്കൾക്കൊപ്പം ഞാവലിനേയും കൂട്ടി.

സ്ഥാവരവസ്തു ഇല്ലാതിരുന്ന ഞാൻ വാടകയ്ക്കൊരു വീടെടുത്തു.
വീടിന്റെ നടുമുറ്റത്ത് ഞാവലിനെ വച്ചു.
നടുമുറ്റത്തെ ആകാശം നോക്കി
ഞാവൽ കുളിർത്തു കിളർത്തു.

മാസാദ്യം വാടകക്ക് ഉടമസ്ഥൻ വരുമ്പോൾ
ഞാൻ ഞാവലിനോട് പറയും;
‘‘കയ്യും തലയും പുറത്തിടരുത്’’.

ഞാവലപ്പോൾ ഇലകൾ കൂമ്പി,
ചില്ലകളൊതുക്കി വേരിലേക്കിറങ്ങിയിരുന്നു.

നടുമുറ്റത്തെ ആകാശത്തേക്ക്
ഞാവൽ തല നീട്ടുമ്പോൾ
ഞാനതിന്റെ തലയിൽ ചവിട്ടി മുകളിലേക്ക് കയറും.

മേഘം തൊട്ടേ ആകാശം തൊട്ടേന്ന്
ഞങ്ങൾ കളിക്കും.

ഒരിക്കൽ ആകാശത്തുനിന്നിറങ്ങി വന്നൊരു നാരായണക്കിളി ഞാവലിൽ കൂട് വച്ചു.

ഞാനും ഞാവലും കൂടിനു കാവലിരുന്നു.
ഞങ്ങളുറങ്ങിയ തക്കത്തിന് വെളുത്തൊരുപൂച്ച കൂട്ടിലെ കിളിയെ കടിച്ചു കൊന്നു.

തീറ്റതേടിപ്പോയ ഇണക്കിളി വരുമ്പോഴേക്കും ഞാനൊരു നാരായണക്കിളിയായി കൂട്ടിലിരുന്നു.

മുട്ട വിരിഞ്ഞു
കുഞ്ഞുങ്ങൾക്ക്
തൂവൽ മുളച്ചു.
കുഞ്ഞുപക്ഷിയെ പറക്കൽ പഠിപ്പിച്ചു.

അവർ തീറ്റതേടിയും
കൂട്ട് തേടിയും പോയി.

ഞാൻ ഇണക്കിളിക്കൊപ്പം
ആകാശത്തേക്ക് പറന്നുയർന്നു.

ഞാവൽ കയ്യും തലയും പുറത്തിട്ട്
എന്നെ നോക്കിനിന്നു.

Comments