അതുൽ പൂതാടി

ജയിച്ചവർ
തോറ്റവരെ
കളിയാക്കരുത്

ഴിഞ്ഞ നൂറ്റാണ്ടിൽ
ഇരുപത്തിയഞ്ചാമാണ്ട് ജനിക്കുമ്പോൾ
റോമിലെ ചേംബർ ഓഫ് ഡെപ്യൂട്ടീസിൽ
ബനിറ്റോ മുസ്സോളിനി പ്രസംഗിക്കുകയായിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിൽ
ഇതേ വർഷമാണ്
അഡോൾഫ് ഹിറ്റ്ലർ
മെയിൻ കാംഫ് പ്രസിദ്ധീകരിക്കുന്നത്.

അമേരിക്കയിലെ
ആദ്യ തീവ്രവാദ സംഘടന
Ku Klux klan
വാഷിങ്ടണിൽ ശക്തിപ്രകടനം നടത്തുന്നതും
ടെന്നസിൽ
The Scopes Monkey Trial നടക്കുന്നതും
ഇന്ത്യയിൽ RSS സ്ഥാപിക്കപ്പെടുന്നതും
കഴിഞ്ഞ നൂറ്റാണ്ടിൽ
ഇതേ വർഷമാണ്.

അതേ വർഷം തന്നെയാണ്
ലീഗ് ഓഫ് നേഷൻസിൽ
ടെമ്പററി സ്ലേവറി കമ്മീഷൻ
റിപ്പോർട്ട് സമർപ്പിക്കുന്നത്.

അതേ വർഷം തന്നെയാണ്
പാരീസിൽ
ലോകത്തിലാദ്യത്തെ
സർറിയലിസ്റ്റ് കലാ പ്രദർശനം നടക്കുന്നത്.

Battleship Potemkin
എന്ന നിശ്ശബ്ദ സിനിമ
റിലീസ് ചെയ്യുന്നതും
ശിവഗിരിയിൽ
ഗാന്ധിയും ഗുരുവും കണ്ടു മിണ്ടുന്നതും
വൈക്കം സത്യഗ്രഹം അവസാനിക്കുന്നതും
ഇതേ വർഷമാണ്.

നൂറ് വർഷങ്ങൾക്ക് ശേഷം
അഹാൻ അനൂപ് ആ നിയമമെഴുതി:
ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.
ഭാരതീയ ന്യായസംഹിത
ഈ നിയമമറിഞ്ഞ്
ഇന്ത്യൻ പീനൽ കോഡിന്റെ
കസേരയിൽ ചെന്നിരുന്നു.
ഭരണഘടന അതിന്റെ തോളൊന്ന് കുലുക്കി
പൊടി കളഞ്ഞു.

ചരിത്രത്തിലെ
ഏറ്റവും വലിയ കളിയാക്കലുകൾ
കൂട്ടക്കൊലകളുടെ രൂപത്തിലായിരുന്നുവെന്ന്
ഇന്ന് നമുക്കറിയാം.
ജയിച്ചവർ എല്ലാ കാലത്തും ജയിച്ചവരോ
തോറ്റവർ എല്ലാ കാലത്തും തോറ്റവരോ
അല്ലെന്നും.
ആരും ജയിക്കുകയോ തോൽക്കുകയോ
ചെയ്യുന്നില്ലെന്നും
കളിയായ
ഒരു കളിയുമില്ലെന്നും.

അതുകൊണ്ടാണ്
ജയിച്ചവർ തോറ്റവരെ കളിയാക്കരുത് എന്നത്
ഇനി മുതൽ എല്ലാ കളികളുടെയും
നിയമമാകുന്നത്.

ഇന്ത്യയും പാകിസ്ഥാനും
ഇപ്പോൾ
അവരുടെ രാജ്യങ്ങളിൽ വച്ച്
ക്രിക്കറ്റ് കളിക്കാറില്ല.

ജയിച്ചവർ തങ്ങളെ കളിയാക്കുമെന്ന് കരുതിയിട്ടല്ല
സ്വന്തം പേരു പതിച്ച സ്റ്റേഡിയത്തിൽ
ആസ്ട്രേലിയയ്ക്ക് കപ്പ് കൊടുത്ത്
മുഖത്തു നോക്കാതെ
അയാൾ തിരിഞ്ഞുനടന്നത്.

യഥാർത്ഥത്തിൽ
ആളില്ലാ വിമാനങ്ങൾ
പറത്തിക്കളിക്കുന്നതിനിടെ
പൊട്ടിച്ചിതറുന്നത്
കുട്ടികൾ ആകാശത്തേക്കു പറത്തിവിടുന്ന
ബലൂണുകളാണ്.
തുളകൾ വീഴുന്നത്
അവരുടെ പട്ടങ്ങളിലും.
അവയുടെ അവശിഷ്ടങ്ങളാണ്
ശവങ്ങളായി
നമ്മൾ എണ്ണിയെടുക്കുന്നത്.
മണ്ണു പറ്റിയ
നമ്മുടെ തന്നെ
അവയവങ്ങളുടെ എണ്ണമാണ്
നമ്മളെ ജയിപ്പിക്കുന്നത്.

തോക്കുകൾ കൊണ്ട് മണ്ണിലും
വാക്കുകൾ കൊണ്ട് വായുവിലും
വൈരം കൊണ്ട് വഴക്കിലും
കളിക്കുന്നവർക്കുള്ളതാണ്
സത്യത്തിൽ
ഈ ഉത്തരപേപ്പർ.

കളിയാക്കലുകളില്ലെങ്കിൽ
ചില കളികൾ തന്നെ ഒഴിവാക്കാവുന്നതേയുള്ളൂ എന്നും
നിഴലുകൾ കള്ളപ്പേരുകളിൽ
പതുങ്ങി ചെന്ന് ജയിപ്പിച്ച സർക്കാരുകൾ
പൗരരെ നോക്കി ചിരിക്കുന്നതുപോലെ
ഒരു അശ്ലീലമാണവയെന്നും
അറിയുന്നതുകൊണ്ടാണ്
ജയിച്ചവർ തോറ്റവരെ കളിയാക്കരുത് എന്നത്
ഇനി മുതൽ എല്ലാ നിയമങ്ങളുടെയും
നിയമവും ആകുന്നത്!

കുഞ്ഞുങ്ങളേ
നിങ്ങളുടെ സ്പൂണുകളിൽ നിന്ന്
നാരങ്ങകൾ
വിറച്ച്
വീണുപോകാതിരിക്കട്ടെ.

Comments