'നിങ്ങൾക്കുമുന്നിൽ
ഞാൻ ജീവിച്ചിരുന്നു'
എന്നെഴുതി വച്ചിട്ട്
അയാൾ മരിച്ചു.
എഴുത്ത് കണ്ടുകിട്ടി എന്നതുകൊണ്ട്
അതൊരു ആത്മഹത്യയാകുന്നില്ല.
അയാൾ മറ്റൊന്നും എഴുതിവച്ചില്ല;
അംഗീകാരം കിട്ടീല എന്നോ
കൂടെ കൂട്ടീല എന്നോ
ഒരുപാട് ചെയ്തിട്ടും
വഞ്ചിക്കപ്പെട്ടെന്നോ,
കടം തന്റെ ശവക്കുഴിയായെന്നോ
ഒന്നും.
ഒരുപക്ഷേ, അതുപോലെന്തെങ്കിലും
അയാൾ ഉദ്ദേശിച്ചുണ്ടാവാം.
വായിക്കുന്നവർക്ക്
അവരുടെ അനുഭവവും ചേർത്തുവെച്ച്
പൂരിപ്പിക്കാനുള്ള ഒരപൂർണ്ണത
വിട്ടു കൊടുത്തിട്ട്
'നിങ്ങൾക്ക് മുന്നിൽ ജീവിച്ചിരുന്നു'
എന്നുമാത്രം എഴുതിക്കഴിഞ്ഞിട്ട്
ഒന്നുകിടന്ന് സ്വാഭാവികമായി മരിച്ചു.
'ജീവിച്ചിരുന്നു' എന്ന ഊന്നലിലൂടെ
മക്കൾക്ക് കൊടുത്ത സന്ദേശം എന്താവും?
ഭാര്യക്ക്, ബന്ധുക്കൾക്ക്
അയൽക്കാർക്ക്, കൂട്ടുകാർക്ക്,
രാഷ്ട്രീയക്കാർക്ക്, പോലീസുകാർക്ക്
ഊഹിക്കാൻ കൊടുത്ത വക?
'നിങ്ങൾക്ക് മുന്നിൽ ജീവിച്ചിരുന്നു'
എന്ന് ബഹുവചനത്തിൽ
എഴുതിവച്ചിട്ട് സ്വാഭാവിക മരണത്തിലേക്ക്
ഇറങ്ങിപ്പോകാൻ അയാൾക്ക് കഴിഞ്ഞു.
എങ്കിലും എന്തു നിഷ്ഫലതയാണ്
അയാൾ ലോകത്തിന് മുന്നിൽ വച്ചിട്ടുപോയത്?
നമ്മുടെ സമൂഹത്തിന്
ഒരു കൊലപാതകിയുടെ പദവി
നൽകാൻ അയാൾ നിർബന്ധിക്കപ്പെട്ടിരുന്നോ?
ഒരുപക്ഷേ,
അയാൾക്കത് എഴുതാൻ തുടങ്ങിയ
ഒരേയൊരു രാഷ്ട്രീയകവിതയാകുമോ?
