യുദ്ധത്തിൽ പിടിക്കപ്പെട്ട്
കൈവിലങ്ങണിഞ്ഞ്
ഇരുട്ടുവാഴുന്ന *റേക്കിലെ
ഭൂഗർഭ തടവറയിലേക്ക്
ആയിരങ്ങൾക്കൊപ്പം
അയാൾ നടന്നുപോകുന്നു.
തൊട്ടരികിൽ, പർദ്ദക്കുള്ളിൽ,
മരീചിക തിളച്ചുപൊന്തുന്ന
മധ്യാഹ്നവെയിലിൽ
മങ്ങിത്തിളങ്ങുന്ന
രണ്ടു നീലക്കണ്ണുകൾ.
അവളുടെ മാത്രം കൈയിൽ
കൂച്ചുവിലങ്ങിനു പകരം
ഒരു കൊച്ചുകുഞ്ഞായിരുന്നു.
ചുടുകാറ്റിൽ ചോരവിയർത്ത്,
വിറയ്ക്കുന്ന കൈകളിൽ നിന്ന്
വിട്ടുപോകാതെ പൊന്നുമകനെ
ജോർദാൻ പോലെ വറ്റിപ്പോയ
മാറോടമർത്തുമ്പോൾ
ആടിപ്പോകുന്നു *ഹാജറ.
ഒരു ഞൊടി, വീഴും മുന്നേ
അയാളുടെ വിലങ്ങിലവൾ
ഒറ്റക്കൈകുത്തി നിവരുന്നു.
'മുറുകെപ്പിടിച്ചോളൂ, ഇനി
ഏറെ ദൂരമില്ലെ'ന്നയാൾ.
‘എന്താണ് കുഞ്ഞിന്റെ പേര്?'
‘ഇസ്മായിൽ' എന്നവൾ.
‘എന്നിട്ടും ദൈവമൊന്നും
കേൾക്കുന്നില്ലല്ലോ' എന്നയാൾ.
'തോളിലെടുത്തു വെച്ചോളൂ
കുഞ്ഞിനെ' എന്നു പറഞ്ഞ്
അയാൾ മരുഭൂമിയിൽ
മുട്ടുകുത്തുന്നു.
മലക്കിന്റെ ചുമലിൽ
അള്ളിപ്പിടിച്ചിരിക്കുന്നു
അബ്ബായുമായുള്ള കളിയോർത്ത്
ആനപ്പുറമേറിയ പൈതൽ.
പിന്നിലപ്പോളൊരു മരുച്ചെന്നായ
ഇബിലീസായി മുരളുന്ന ശബ്ദം.
വരഞ്ഞുകീറി, ചോരപൊടിച്ച്
മലക്കിന്റെ കരത്തിൽ നിന്ന്
വിട്ടുപോകുന്ന മെല്ലിച്ച കൈയിലെ
മൈലാഞ്ചിയിട്ട അഞ്ചുനഖങ്ങൾ.
കള്ളിമുൾച്ചെടികളിലുടക്കി
കീറുന്ന *തോബിന്റെ കാറൽ.
നിലംപറ്റിയ ഒലിവുചില്ലകളുടെ
ആർത്തനാദത്തിൽ, മണലിൽ
ഹാജറ ഞെരിയുന്ന തേങ്ങൽ.
തടവറയ്ക്കുമുന്നിൽ
തളർന്നുവീഴുന്ന * ജിബ്രീൽ.
അവന്റെ കഴുത്തിനെ ചുറ്റി
തീസൂര്യനുരുക്കിയിട്ട
*തസ്ബീഹ് പോലെ ഇസ്മായിൽ.
▮
*റേക്ക് (റേക്ക്‌വെറ്റ്): ഇസ്രായേലിലെ കുപ്രസിദ്ധമായ ഭൂഗർഭ തടവറ.
*ഹാജറ: പ്രവാചകൻ ഇബ്രാഹിമിന്റെ രണ്ടാമത്തെ ഭാര്യയായ അടിമപ്പെണ്ണ്. പ്രവാചകൻ ഇസ്മായിലിന്റെ അമ്മ.
*തോബ്: പലസ്തീൻ സ്ത്രീകൾ ധരിക്കുന്ന നീളൻ കുപ്പായം.
*ജിബ്രീൽ: അല്ലാഹുവിന്റെ സന്ദേശങ്ങൾ പ്രവാചകന്മാർക്ക് എത്തിച്ചുകൊടുക്കുന്നതിന് ചുമതലയുള്ള മാലാഖ.
*തസ്ബീഹ്: അല്ലാഹുവിനെ സ്മരിക്കുന്നതിനുള്ള ജപമാല.
