വാക്കുകളാൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന
നമ്മുടേതായ രണ്ടു കറികൾ കൂട്ടി
ചോറുണ്ണുന്നു
നമ്മുടെ പ്രണയസങ്കൽപ്പങ്ങൾ ...

നിശബ്ദതയുടെ
രണ്ടു പാറകളിൽത്തട്ടി
തെന്നിവീഴുന്നു
നമ്മുടെ നിശ്വാസങ്ങൾ, സങ്കടങ്ങൾ...

ഇക്കിളിയുടെ
വളഞ്ഞുപുളഞ്ഞൊഴുകുന്ന
രണ്ടു നീർച്ചാലുകളിലെ
ചിലചുഴികളിൽ
കറങ്ങിത്തിരിഞ്ഞാഴ്ന്നുപോകുന്നു
നമ്മുടെ ഒച്ചകൾ, ഭാവങ്ങൾ...

സ്‌നേഹത്തിന്റെ
രണ്ടു ചുണ്ടുകൾ ചാലിച്ചു വരയ്ക്കുന്നു
സ്വപ്നങ്ങൾ, പ്രതീക്ഷകൾ...

പ്രണയികളുടെ പതിവുസംബോധനകളുടെ
ഉമി കളയുമ്പോൾ
അവളെന്റെ "മെലിഞ്ഞ ഷക്കീല'യാകുന്നു
ഞാൻ അവളുടെ "മസിൽ ഒളിപ്പിച്ചുവെച്ച സൽമാൻ ഖാൻ'

ഉറങ്ങിയെണീക്കുമ്പോൾ
"നിന്റെ ബാക്ടീരിയ എന്റെയും ബാക്ടീരിയ'യെന്ന്
അവളെന്നെ ഉമ്മവെയ്ക്കുന്നു.

അവളുടെ തലയിൽ നിന്നും എന്റെ തലയിലേക്ക്
പേനുകൾ പുതിയ വഴിവെട്ടുന്നു.
"നിന്റെ പേൻ എന്റെയും പേൻ' എന്ന്
ഞാൻ തലചൊറിയുന്നു.

ഉറങ്ങുമ്പോൾ
അവളുടെ സ്വപ്നം ഞാനും
എന്റെ സ്വപ്നം അവളും കാണുന്നു.
പക്ഷെ
എന്റെയും അവളുടെയും കൂർക്കം
ഞാൻ ഉറക്കെ വലിക്കുന്നു.

അവൾ എനിക്ക് പായസം വെച്ചുതരുന്നു.
ഞാൻ പായസം കുടിക്കുന്നു, എന്നിട്ട്
"എങ്ങനെയുണ്ട് പായസം?' എന്ന് അവളോട് ചോദിക്കുന്നു.
"സൂപ്പർ' എന്ന് അവൾ പറയുന്നു.
ഞാൻ അവൾക്ക് ചായ വെച്ചുകൊടുക്കുന്നു.
അവൾ ചായ കുടിക്കുന്നു, എന്നിട്ട്
"ചായ എപ്പടി?' എന്ന് എന്നോട് ചോദിക്കുന്നു.
"അടിപൊളി അടിപൊളി' എന്ന് ഞാൻ പറയുന്നു.

അവളുടെ വിരൽ മുറിയുമ്പോൾ
നമ്മൾക്ക് വേദനിക്കുന്നു.
എന്റെ കാലുളുക്കുമ്പോൾ
നമ്മൾ ഒരുമിച്ചു കരയുന്നു.

ഈ കവിത വന്ന വഴി

ടനടിയിറങ്ങുമെൻ
കവിതാപ്പുസ്തകത്തിലെ
കവിതകൾ ചിലതിലെ
പരാമർശങ്ങൾ

തനിക്കൊട്ടും പിടിച്ചില്ല
തന്നെക്കുറ്റപ്പെടുത്തുന്ന
വരികളും വാക്കുകളും
തിരുത്തിടേണം

അതുവരെയവൾ കാണാ-
തതിഗൂഢമൊളിപ്പിച്ചോ-
രെഴുത്തുകൾ വായിച്ചവൾ
വഴക്കടിച്ചൂ

കവിതയിൽ പറയുന്ന
കവിയുടെ കഥയെല്ലാം
ഭാവനയിൽ വിരിയുന്ന
പൂവുകളല്ലേ?

പെരുത്തിഷ്ടമെനിക്കുള്ള
വരികളാണതിനാൽ ഞാൻ
വഴങ്ങീലാ വരിയൊന്നും
ഒഴിവാക്കീലാ

തിരുത്തുകൾ നടത്താതെ-
യിരുന്നാൽ ഞാനുറപ്പായും
മരിക്കുമെന്നവളെന്നോ-
ടൊരുമ്പെട്ടപ്പോൾ

വരിയൊട്ടും തിരുത്തില്ല
മരിക്കുന്നേൽ മരിച്ചോളൂ
പറഞ്ഞു ഞാനവളോടു
തെറി പലതും

മരിക്കുവാൻ മനസ്സില്ലെൻ
മരണവും കവിതയിൽ
വരിയൊപ്പിച്ചെഴുതുവാൻ
തിരക്കായല്ലേ?

അവളിതു പറഞ്ഞപ്പോൾ
അവിടൊരു കടലാസിൽ
അഴകിലീ വരികൾ ഞാൻ
എഴുതി വെച്ചൂ

ഇതു വായിച്ചവളെന്നോ-
ടതുമിതും പറയാതെ
ഒരുവട്ടം ചിന്തിച്ചൊരു
ചിരി ചിരിച്ചൂ

അവളുടെ ചിരി കൂടെ
കവിതയിലെഴുതെന്നു
കടലാസു നീട്ടിക്കൊണ്ടെൻ
അടുത്തു വന്നൂ.


പ്രമോദ് കെ.എം

യുവകവികളിൽ ശ്രദ്ധേയൻ. ബാംഗ്ലൂരിലെ ​ക്രൈസ്​റ്റ്​ യൂണിവേഴ്​സിറ്റിയിൽ അസി. പ്രഫസർ. ആദ്യസമാഹാരം അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വർഷങ്ങൾ.

Comments