ഓർമ്മയുടെ നൂൽപ്പാതകളിലൂടെ
ശബ്ദമില്ലാതെ നടക്കാനറിയുന്ന
ചില മനുഷ്യരുണ്ട്.
പഴയ ദുഃഖങ്ങളുടെ ചുരുണ്ട ഇലകൾക്കിടയിൽ
ഇനിയും മുളയ്ക്കുന്ന പ്രതീക്ഷയുടെ
പച്ചപുതച്ച ഒരു കാട്.
അവന്റെ ഹൃദയത്തിൽ
ഒരായിരം രഹസ്യങ്ങൾ
മരങ്ങളായി പച്ചവിരിയ്ക്കും.
ഓരോ ചില്ലയിലും
സ്വപ്നങ്ങളുടെ തളിർനിറം,
ഓരോ വേരിലും
പൊട്ടിച്ചിരിച്ച വേദനയുടെ ഉൾച്ചൂട്,
ഇലപൊഴിഞ്ഞ ചില്ലകളിൽ
നൈരാശ്യത്തിൻ്റെ പാഴ്മഞ്ഞ്...
എന്നാൽ, കാറ്റ് തഴുകുമ്പോൾ
അവന്റെ എല്ലാ ചില്ലകളും
ഒന്നിച്ചു പൂവിടും
അവനൊരു
പൂർണ്ണ നാദമായി
സംഗീതമായി
ഉയിർത്തെഴുന്നേൽക്കും.
അവൻ നടക്കുമ്പോൾ
ഭൂമിയുടെ അടരുകളിൽ
ആദിമസ്നേഹത്തിന്റെ തിരിച്ചറിവുകൾ
പച്ചപ്പായി വീണ്ടും മുളച്ചുവരും.
കരളിൽ കത്തിയ മുറിവുകൾ പോലും
കാടിന്റെ തണലിൽ
ഇലകളായി വീണ്
ക്ഷമയുടെ നിഴലായി പടരും.
അവൻ്റെ സ്നേഹം…
അത് ഒരു ഉറവയാണ്,
ഭൂമിയുടെ വിറയ്‌ക്കുന്ന ഹൃദയം
ഒരു നിമിഷം തുറന്ന് കാണിച്ച
വെളിച്ചമുള്ള കണ്ണുനീർത്തുള്ളി,
പാറകളേക്കാൾ കടുപ്പമുള്ള
ദു:ഖങ്ങളെ അലിയിയ്ക്കുന്ന
തെളിഞ്ഞൊരു ജലനാരകം.
അത് വരണ്ട പാറകളിലും
കവിതയെ വളർത്തും.
തകർന്ന മനസ്സുകളിലും
വെളിച്ചം കണ്ടെത്തും.
വറ്റിപ്പോയ ജീവിതത്തിന്റെ
നിശ്ശബ്ദമരുഭൂമിയിൽ
മഴപെയ്യിയ്ക്കും.
പൂക്കളെ മറന്നുപോയ
കൊച്ചു പൂമ്പാറ്റകൾക്കും
പുതിയ ചിറകുകൾക്കായി
നനുത്ത ശക്തി നൽകും.
അറിയാതെ, ശബ്ദമില്ലാതെ,
ഹൃദയത്തിന്റെ അടിത്തട്ടിൽ
ഒരു നക്ഷത്രം തെളിയുന്നതുപോലെ.
അവൻ,
കാടിന്റെ ഗഹനനിശ്വാസവും,
ഉറവിന്റെ നിർമ്മലതയും
ഒരുമിച്ച് വഹിക്കുന്ന
ജീവിതത്തിന്റെ കവിത.
കാട് സ്നേഹത്തെ
ശരീരത്തിന്റെ തണലിൽ സൂക്ഷിക്കും
ഉറവ് മനുഷ്യനെ
സ്വയം തിരിച്ചറിയുന്ന
വെളിച്ചത്തിലേക്ക്
നയിക്കും.
അവൻ സ്നേഹിക്കുമ്പോൾ
കാടും
കാറ്റും
ഉറവും
എല്ലാം ഒറ്റ ശ്വാസമായി മാറുന്നു,
അവന്റെ ഹൃദയം
ഭൂമിയുടെ മുഴുവൻ ദാഹവും
ഒരൊറ്റ തുള്ളിയിലൂടെ ശമിപ്പിക്കുന്നു.
വരൾച്ചയിലേക്ക് കുതിരുന്ന
നീരുറവ
വാക്കുകളെ മൃദുവാക്കുന്നു,
വടുക്കളെ മരുന്നാക്കുന്നു,
നിസ്സഹായ ഹൃദയത്തിന്റെ
ഉറക്കം മറന്ന ഇരുട്ടിൽ
ഒരു ചെറുനക്ഷത്രം തെളിയുന്നു.
ഒരിക്കലും വേർപെടാത്ത
കാടും ഉറവുംപോലെ
ഒന്ന് പച്ചപ്പിന് ശ്വാസം നൽകുമ്പോൾ
മറ്റൊന്ന്
തെളിഞ്ഞ ജീവനെ ഒഴുക്കുന്നു.
മനുഷ്യൻ അങ്ങനെയുമാണ്,
കാടുപോലെ ആഴവും,
ഉറവുപോലെ കരുതലും
ഒന്നായിചേരുന്ന
അപൂർവ്വത.
