നട്ടുച്ചയിൽ ജനാലയിലൂടെ
പുറത്തേക്ക് നോക്കുമ്പോൾ
വളരെ സാവധാനത്തിൽ
മഞ്ഞ നിറമുള്ള ഒരു കാറ്റ്
പൊടി മൂടിയ മരങ്ങളെ
തുടച്ചെടുക്കുന്നു.
വെയിൽ ചുംബിച്ചു നനച്ച മുഖത്ത്
കാറ്റിന്റെ സ്വർണ്ണത്തരികൾ പാറിവീഴുന്നു.
രാത്രിയിൽ ടെറസ്സിൽ
ഇരുട്ടു നിർമിച്ച ഏകാന്തതയിലിരിക്കുമ്പോൾ
വിദൂരതയിൽ നിന്നും
തെരുവുവിളക്കിന്റെ പ്രകാശത്തെയും
മിന്നാമിനുങ്ങുകളെയും
പാറിപ്പറത്തി
കറുത്ത നിറമുള്ള ഒരു കാറ്റ്
മരങ്ങൾക്കിടയിൽ
ഒളിച്ചുകളിക്കുന്നു.
സമയം ടിക് ടിക് ശബ്ദത്തിൽ
എണ്ണൽ തുടരുന്നു
മേഘങ്ങളിൽനിന്നും പുറത്തുവന്ന നിലാവ്
കാറ്റിനെ ഇലകളിൽനിന്നും
കണ്ടെടുക്കുന്നു.
സന്ധ്യയിൽ കടൽക്കരയിൽ
നീലനിറമുള്ള കാറ്റ്
ജലകന്യകയെപ്പോലെ
നനഞ്ഞു കയറിവരുന്നു
ചേലത്തുമ്പിൽ
സൂര്യൻ ചുവന്ന മുത്തുകൾ
തുന്നിപ്പിടിപ്പിക്കുന്നു
തീരത്തെ നനഞ്ഞ കാൽപ്പാടുകളിൽ
നീലനിറം ഇറ്റിറ്റു വീഴുന്നു
നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നപോലെ
സമയം കാറ്റിനെ
കുങ്കുമം പൂശി മറയുന്നു
ഓർമ്മകൾക്കൊപ്പം കൺപീലിയിൽ
നീലയും ചുവപ്പും നിറമുള്ള
ജലകണികകൾ.
താഴ്‌വരയിൽ
പുൽമേട്ടിൽ
ആകാശം നോക്കി കിടക്കവേ
പച്ചനിറമുള്ള കാറ്റ്
കുന്നിറങ്ങിവന്ന്
അരികിൽ ചുറ്റുന്നു
പുൽച്ചാടികളെ പോലെ
ഉടലിലിഴയുന്നു.
തനിച്ച് ചുരം കയറുമ്പോൾ
മലമുടിയിൽ നിന്നും
നിന്നെപ്പോലെ കൈയാട്ടി വിളിക്കുന്നുണ്ട്
വെളുത്ത കാറ്റ്
പാറക്കെട്ടുകളിൽ മഞ്ഞു പൊഴിയുന്ന പോലെ
ഇരുണ്ട മനസ്സിന്റെ ചരിവുകളിൽ
ചിരി പോലെ കാറ്റ് പെയ്യുന്നു.
പുലരിയിൽ നഗരത്തിലെ
പൂക്കൾ നനഞ്ഞു വിടരുന്ന പാർക്കിലൊരു കോണിൽ
തുറന്ന ജയിലിലെന്നപോലെ
ശീതനിദ്രയിലിരിക്കുന്ന
ആത്മാവിനരികിലേക്ക്
നിന്നെ പോലെ
വിദൂരമായ ആകാശച്ചെരുവിൽ നിന്നും
മഴവില്ലിന്റെ നിറമുള്ള ഒരു കാറ്റ്
പാടുന്ന പക്ഷികളുടെ ചിറകിലേറി വരുന്നു.
ശിരസ്സിൽ പല നിറത്തിലുള്ള തൂവലുകൾ
കൊഴിഞ്ഞു വീഴുന്നു
അവ കൂട്ടി വച്ച് ഞാൻ
നിന്റെ തൂവൽശില്പം ഒരുക്കുന്നു.
രാത്രിയിൽ മുറിയിൽ
ഉറങ്ങാതെ കിടക്കുമ്പോൾ
മഴയ്ക്കൊപ്പം വന്ന ഒരു കാറ്റ്
തൂവൽ ശില്പത്തെ
എന്റെ ഉടലിൽ അണിയിച്ച്
ദൂരേയ്ക്ക് പറത്തിവിടുന്നു.
നിന്റെ നിറമുള്ള ഒരു കാറ്റായി
ഞാൻ നിന്റെ ദേശത്തേക്ക്
മരങ്ങളായ മരങ്ങളെ
തഴുകിപ്പാറുന്നു.
ലോകത്തിനിപ്പോൾ നിന്റെ നിറം
അടുത്തെത്തുമ്പോൾ
ഏത് നിറത്തിലാവും നീ കാണുക
ഈ കാറ്റിനെ ....