പള്ളിമണി മുഴക്കത്തിനൊപ്പം -
പുല്ലുകെട്ടുമായി വീട്ടിലേക്ക് നടന്നു.
അത്താഴത്തിന് കാച്ചിൽ പുഴുങ്ങണമെന്ന് മനസിലുറപ്പിച്ചിരുന്നു.
എന്നാൽ ആ നിമിഷം ഉടലെന്നെ പിന്നോട്ട് വലിക്കുന്നു.
പാടവരമ്പിൽ മലർന്ന് കിടക്കാൻ അതെന്നെ പ്രേരിപ്പിക്കുന്നു.
ക്രിസ്തുവിനെപ്പോലെ കൈകൾ വിരിച്ച്,
കണ്ണുകൾ പാതിയടച്ച് -
അങ്ങനെ... അങ്ങനെ...
നോക്കൂ, ഇവിടെ എന്ത് തണുത്ത കാറ്റാണ്,
എന്റെ പെൺതലമുടി പുറകോട്ട് വിരൽചൂണ്ടുന്നു.
നോക്കൂ, ആകാശതെത്ര നക്ഷത്രങ്ങളാണ് -
അച്ചടക്കമില്ലാത്ത മുലകൾ കുതിച്ചുയരുന്നു.
പക്ഷികളെപ്പോലെ മേഘങ്ങളെന്ന്,
നാണമില്ലാതെ ചന്തി തുള്ളിച്ചാടുന്നു.
തോട്ടിൽ നെറ്റിപ്പൊട്ടന്മാരെന്ന് കാലിലിട്ട ചെരിപ്പ് പിന്നോട്ടോടുന്നു.
ഇതൊക്കെ എന്ത് നാശങ്ങളാണ്.
വിരിച്ചിട്ട തുണികൾ ഇനിയും എടുക്കുവാനുണ്ട്,
കൊത്തിയിട്ട വിറക് ഇനിയും അടുക്കുവാനുണ്ട്,
കോഴിക്കൂടടക്കണം,
പശുവിന് പുല്ല് കൊടുക്കണം,
കാച്ചില് പുഴുങ്ങണം,
കാച്ചിലിനൊപ്പം കാന്താരി അരക്കണം.
എന്ത് നാശമാണ്....
പുല്ലു കെട്ടുമായി അവൾ നടന്ന വഴിയേ -
രാത്രി പൂവിട്ടുവെന്നും,
തളിരുകൾ പുതുനാമ്പ് വിടർത്തിയെന്നും -
ഈ കവിതയങ്ങ് അവസാനിപ്പിച്ചേക്ക്!▮