കടന്തറപ്പുഴ - ടി.പി. രാജീവൻ എഴുതിയ കവിത

ട്രൂകോപ്പി വെബ്സീൻ 66 -ാം പാക്കറ്റിൽ പ്രസിദ്ധീകരിച്ച കവിത.

വാർഡിൽ ഓരോരുത്തരായി ഉറങ്ങി
അതുകണ്ട് വിളക്കുകൾ മങ്ങാനും
പങ്കകൾ നിലയ്ക്കാനും തുടങ്ങി.

മങ്ങിയ ഇരുട്ടിൽ
സ്വയം ഉപേക്ഷിച്ചുകിടക്കുകയായിരുന്ന
എന്റെ നിറുകയിൽ
ഒരു നനവ് വന്നുതൊട്ടു

ചുട്ടുപൊള്ളുന്ന പനിയിൽ
അവളുടെ വിരലുകളാണെന്നു കരുതി.
പക്ഷെ, അതൊരു പുഴയോളമായിരുന്നു.

""ഓർമയില്ലേ''

നനവൂറുന്ന ശബ്ദത്തിൽ അതു ചോദിച്ചു.
""നിള, കാവേരി, ഗോദാവരി, ഗംഗ, യമുന
വോൾഗ, മിസിസിപ്പി, നൈൽ, റൈൻ...''
ഓർമകൾ പലപല തീരങ്ങളിൽ അലഞ്ഞുതിരിഞ്ഞു.

"കരയ്ക്കടുക്കുന്നില്ലല്ലോ...' ഞാൻ കൈ മലർത്തി.

""എന്നെ തിരിച്ചറിയാൻ നീ ഭൂഗോളം തിരിക്കേണ്ടതില്ല
പണ്ടു നീ കുഞ്ഞായിരുന്നപ്പോൾ
ചവറമൂഴിയിൽ വന്നതോർമയില്ലേ
പുഴം പഞ്ഞികൾക്കിടയിൽ
ഉരുളൻ കല്ലുകൾക്കിടയിൽ
പാറക്കെട്ടുകൾക്കിടയിൽ
ഓടിയും ചാടിയും ചിരിച്ചും
സ്വയം മറന്നു കിടന്നുരുണ്ടും
നമ്മൾ ഏറെ നേരം കളിച്ചു.''

പരൽമീനുകളെ കളിയാക്കി
ഞണ്ടിൻ മാളങ്ങൾ അടച്ചുതുറന്നു
സന്ധ്യയായി.

ചെമ്പനോട മലമുകളിൽ
മേഘങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങി
ജാനകിക്കാടുകളിൽ കാറ്റ് ഉറയാനും

""ഇനി നീ പോയ്‌ക്കോ
കൊല ചെയ്യപ്പെട്ട വെള്ളത്തിന്റെ
ഗതി കിട്ടാത്ത ആത്മാക്കൾ
ഭൂമിക്കടിയിൽ നിന്നും
ആകാശത്തുനിന്നും
ഇടിനാദത്തിനൊപ്പം പുറത്തുവരും
എന്നിലാവേശിക്കും
ഞാൻ ഉറഞ്ഞുതുള്ളും
ഇപ്പോഴത്തെ ഞാനായിരിക്കില്ല
അപ്പോഴത്തെ ഞാൻ
പോയ്‌ക്കോ, വേഗം പോയ്‌ക്കോ...
എനിക്കു വിറയൽ വന്നുതുടങ്ങിയിരിക്കുന്നു...''
ഞാൻ പറഞ്ഞതും.

എനിക്കുവേണമെങ്കിൽ
എന്റെ കണക്കിൽ
ഒരു കുരുതി കൂടിയാകാമായിരുന്നു
പക്ഷെ, ഞാനതു ചെയ്തില്ല.
നിന്നെ എനിക്കിഷ്ടമായിരുന്നു.

ഇന്നു നീ വെള്ളം കുടിക്കാൻ വയ്യാതെ
കിടക്കുന്നുണ്ടെന്നു ഞാനറിഞ്ഞു
കേട്ടയുടനെ ആരും കാണാതെ
ആരോടും പറയാതെ
ഞാനിങ്ങോട്ടു പോന്നു.
ഒരു പുഴയോളമായി
ഈ ലോകത്ത് സഞ്ചരിക്കുക
എത്ര ക്ലേശകരവും അപകടകരവുമാണെന്ന്
നിനക്കറിയാമല്ലോ,
ഒരു ചെറിയ വേഗത്തിനു
തട്ടിത്തൂവാനേയുള്ളൂ
എത്ര വലിയ ഒഴുക്കും
ആഴവും.

ഇങ്ങോട്ടു വരുന്നവഴി ഞാൻ കണ്ടു
കൂത്താളിയിലും ഉള്യേരിയിലും
വേനൽ ചുട്ടെരിച്ച
ഉറവകളുടെ തറവാടുകൾ,
കണയങ്കോടും ചെലപ്രത്തും
നോക്കുകുത്തികളായ
പഴയ പൊയ്കകൾ

ഞാൻ തന്നെ ഇല്ലാതാകുന്നതിനുമുമ്പ്
നിന്നെ കണ്ട്
ഒരു തുള്ളി വെള്ളം തരാൻ വന്ന
പഴയ കൂട്ടുകാരനാണ് ഞാൻ,
കടന്തറപ്പുഴ.

നാവൊന്നു നീട്ടൂ
കൂലം കുത്തി ഒഴുകാനല്ല
സ്നേഹത്തോടെ നിന്നു തലോടാൻ.

* ചെമ്പനോട മലനിരകളിൽ നിന്നുൽഭവിച്ച് ചവറമൂഴിയിൽ വച്ച് കുറ്റ്യാടിപ്പുഴയിൽ ചേരുന്ന ഒരു ചെറുപുഴ. ഇടിയൊച്ച കേൾക്കുമ്പോൾ പ്രതീക്ഷിക്കാതെ വെള്ളമുയരുന്ന ഇതിൽ എത്രയോ പേർ മുങ്ങിമരിച്ചിട്ടുണ്ട്. അതുകൊണ്ട് ചതിയൻ പുഴ എന്നാണ് നാട്ടുകാർ കടന്തറയെ വിളിക്കുന്നത്.


Summary: ട്രൂകോപ്പി വെബ്സീൻ 66 -ാം പാക്കറ്റിൽ പ്രസിദ്ധീകരിച്ച കവിത.


ടി.പി. രാജീവൻ

കവി, നോവലിസ്​റ്റ്​. രാഷ്ട്രതന്ത്രം , കോരിത്തരിച്ച നാൾ, പ്രണയശതകം (കവിത), പുറപ്പെട്ടു പോകുന്ന വാക്ക് (യാത്ര), പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments