നിധിൻ വി.എൻ

കഥ(കിത)പ്പായ

നിലാവ് തൊട്ട
കർക്കിടകവാവുപോലെ,
അമ്മമ്മ
വന്നു നിന്നു.

പേറ്റുമണമുള്ളൊരു കാറ്റന്നേരം
വീടിനെ പൊതിഞ്ഞു.

കോന്തലയ്ക്കൽ നിന്ന്
ഗൾഫ് മിഠായി പുറത്തേക്ക് ചാടി.

ചുരം പാതി കയറിയ
ഓഡിനറി ബസ്സു പോലെ
കിതപ്പിലും
അമ്മമ്മ ചിരിച്ചു.

കാലമൊരു പരമ്പുപോലെ
അവർക്കു പിന്നിൽ ചുരുണ്ടു.
കഥ കേൾക്കാനായിരം
കുഞ്ഞിച്ചിരികളെണീറ്റിരുന്നു.

ചുരുട്ടിവെച്ച
കഥപ്പായ
കോലായിലേക്ക് നീർത്തി
അവരിരുന്നു.

പായയിലേക്കെത്തുന്നൊരു ലോകം
കഥ കേൾക്കാൻ,
കഥയാകാൻ.

തങ്കമയിലേറി വന്നൊരുവൻ
അൻപാർന്ന ജ്ഞാനപ്പഴമേയെന്ന്
ചൊല്ലി അവരുടെ മടിയിൽ
തലവച്ചു.

വെണ്ണക്കള്ളനൊരുവൻ
അമ്മമ്മയെ ചുറ്റിപ്പറ്റി
കിണുങ്ങി.

കഥപ്പായ, മടങ്ങുകയും നിവരുകയും
ചെയ്തുകൊണ്ടേയിരുന്നു.
കഥപ്പായയിൽ നിന്നെഴുന്നേൽക്കാൻ
അവർ മടിച്ചു,
കഥ കേൾക്കാൻ ഞാനും.

നിഴൽപായയിൽ അമ്മയിരുന്നു.
തലക്കലൊരു നിലവിളക്ക് കത്തിച്ചുവച്ച്
അമ്മമ്മ നീണ്ട് നിവർന്നുകിടന്നു.

മുണ്ടിൻ്റെ കോന്തലയ്ക്കൽ നിന്നെത്തി നോക്കുന്നുണ്ട് ഗൾഫ് മിഠായി.

അമ്മമ്മ കുളിപ്പിച്ച കുട്ടികൾ,
അവരുടെ അമ്മമാർ.
അമ്മമ്മയെ കുളിപ്പിക്കാനൊരുങ്ങിയപ്പോൾ
വീടിന് വീണ്ടും പേറ്റുഗന്ധം.

അമ്മമ്മയൊരു
കുഞ്ഞിനെപോലെ ഉറങ്ങുമ്പോൾ,
എഴുന്നേറ്റു നടക്കുകയാണ്,
ആയിരമായിരം കഥകൾ.
കഥ കേൾക്കാനാവാത്തവിധം
കിതച്ചുവന്നൊരു കരച്ചിൽ
തൊണ്ടയിൽ കയ്ച്ചു.


നിധിൻ വി.എൻ

കവി, കഥാകൃത്ത്. കടല്‍ച്ചുഴിയിലേക്ക് കപ്പല്‍ ചലിക്കുന്നവിധം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments