രഗില സജി

കടിത്തൂവ

മുറ്റമടിക്കുമ്പോൾ
മഞ്ഞയിൽ പച്ചക്കുത്തുള്ള
ഒരു ചെടി
ഇലകൊണ്ടൊന്ന് വിരലിൽ തൊട്ടു
പച്ചയിൽ മഞ്ഞവെളിച്ചം
പടർന്നതാണോയെന്ന്
വേരോടെയെടുത്ത്
നോക്കി.
ഇലയപ്പോൾ
വെളിച്ചവും വായുവും ചേർത്തുണ്ടാക്കിയ
തീറ്റയുടെ മണം
ഉടലിലേക്ക്
പടർത്തി .

കുറേക്കാലമായ്
ഒതുക്കത്തിൽ
കഴിയും ഉന്മാദം
ഒച്ചകളെ അഴിച്ചിട്ടു

മുറ്റത്തെ ചെടികളുടെ
മുഴുവനും ഇലകൾ
ഒറ്റപ്പച്ചകൊണ്ട്
മെയ്യാകെ
പുഴുക്കളെ വരച്ചിട്ട്
പകരം ചെയ്തു.

തിണർത്ത് പൊന്തിയ
തൊലിക്കുമേൽ
ഒടിച്ചകത്തിയ
വെളുത്ത പൂക്കൾ
കുമിഞ്ഞുകൂടി.

ചൊറിഞ്ഞ്
ചൊറിഞ്ഞ്
എല്ലിൽ നിന്ന് പോലും
പൂമ്പാറ്റകൾ പറന്നു.
അമർച്ച ചെയ്ത്
സൂക്ഷിച്ച വാക്കുകൾ
കാല്പനികതകളുമായി ഉയർന്നു.

ഒരൊറ്റ കടിത്തൂവ കൊണ്ട്
ആയിരം സൂര്യന്മാർ
ചുറ്റും നിന്ന്
കത്തുന്നു.
ഒരൊറ്റക്കടലിൻ തിര
പലതായ്പ്പിരിഞ്ഞുള്ളിൽ നുരയുന്നു.

ഓർമ്മയിലെ ചെടിപ്പടർപ്പെല്ലാം
മേലാകെ
പുഴുവായരിക്കുന്നു.

ഇനിയുമുണ്ടോ
ചെടികൾ,
മരങ്ങളിതുപോലെ?

ഒന്നു തൊട്ടതിന്
കൊടും അപരാധിയോടെന്നപോൽ
ഒരാളെ
രണ്ടായ് മുറിച്ചിടുവത്?


Summary: kadithoova malayalam poem by Ragila Saji Published in truecopy webzine packet 243.


രഗില സജി

കവി. അൽ സലാമ കോളേജ് ഓഫ് ഒപ്റ്റോമെട്രിയിൽ ലക്​ചറർ. മൂങ്ങയിൽനിന്ന് മൂളലിനെ വേർപെടുത്തുംവിധം, എങ്ങനെ മായ്ച്ചുകളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments