എല്ലാ കവികളുടെയും ഷെൽഫിൽ
കാഫ്കയുടെ ഡയറിയുണ്ട്.
നോവലെഴുത്തുകാർ ‘ദി ട്രയൽ’ എന്തായാലും
വാങ്ങി സൂക്ഷിച്ചിരിക്കും –
കഥാകൃത്തുക്കൾ
അവരെല്ലാവരും
അതേ വിചാരണയുടെ വരാന്തകളിലുമാവണം.
അഥവാ, വളരെ പഴയൊരു ഓർമ്മയിലേക്ക് മുങ്ങിപ്പോയ
ഏത് പട്ടണത്തിനും പകരം പൊന്തിവരുന്ന മൗനം, തീർച്ചയായും
എല്ലായിടത്തുമുണ്ട്.
എന്നാൽ,
ഈ രാത്രിയിൽ കലക്ടറേറ്റിന്റെ മതിലിലൂടെ
കണ്ണുകാണാത്തവളെപ്പോലെ
ബാലൻസ് ചെയ്തു നടന്നു കാണിക്കാൻ അവൾക്കേ പറ്റൂ:
അവൾ കാഫ്കയെ വായിച്ചിട്ടില്ല.
തീർച്ചയായും വായിച്ചിട്ടില്ല:
‘‘അതിന് നേരമെവിടെ?” അവൾ ചോദിക്കുന്നു.
‘‘നീ സംസാരിക്കുകയല്ലേ?”
“എന്റെ മുലകൾ എന്റെ ഇളയ മകനെപ്പോലെ
നീ വലിച്ചു കുടിക്കുകയല്ലേ?”
മതിലിൽ അവൾ.
അവളുടെ കാലടികളിൽനിന്നും തുടങ്ങി
നീണ്ടു നീണ്ടുപോകുന്ന അവളുടെ നിഴൽ.
അവളുടെ നെറുകിൽ
പൂത്തുലഞ്ഞു നിൽക്കുന്ന
നിലാവിനെ നോക്കി
ഒരു വേളിക്കുറുക്കനെപ്പോലെ ഞാൻ
ഓരിയിടുന്നു.
എന്റെ ഒച്ചയെവിടെ?
കലക്ടറുടെ ഒന്നാമത്തെയോ
ഒൻപതാമത്തെയോ ഗുമസ്തന്റെ മേശമേൽ
അവളുടെ അപേക്ഷയുണ്ട്.
ജില്ലയിലെ എല്ലാ സർക്കാർ ഓഫീസിലും
അവളുടെ അപേക്ഷയുണ്ട്.
“എന്റെ ഭർത്താവ് മരിച്ചതാണ്”,
“അതിനും മുമ്പേ
ഞാൻ മരിച്ചതാണ്”,
“അതിനാൽ കലക്ടർ സാർ
ദയവായി താങ്കൾ എന്റെ
വിധവാ പെൻഷനിൽ ഒപ്പുവെയ്ക്കണം’’.
അപേക്ഷയുടെ താഴെ
അവളുടെ ഒപ്പു കണ്ട് എനിക്ക് ചിരിപൊട്ടുന്നു.
ഒൻപത് എന്ന അക്കത്തിൽ
അവളൊരു അരിവാൾ വരച്ചിരിയ്ക്കുന്നു.
ചുറ്റിക എവിടെ? നക്ഷത്രമെവിടെ?
നീ കോമരമോ? അതോ കമ്മ്യൂണിസ്റ്റോ?
ഞാൻ ചോദിക്കുന്നു.
ആകാശത്തേയ്ക്കു പറക്കാൻ അവൾ
കൈകൾ വിടർത്തിപ്പിടിക്കുന്നു.
ഇത്രയും നേരം ഒളിച്ചുനിന്നിരുന്ന
രാത്രിയുടെ നോട്ടം, ഇപ്പോൾ
അവളുടെ നേരേ മാത്രം –
“നീ താഴെയ്ക്കു വാ”
ഞാൻ അവളോട് കെഞ്ചുന്നു.
ഞാൻ അവളോട് വീണ്ടും കെഞ്ചുന്നു.
“നീ താഴേയ്ക്കു വാ” – ഞാൻ അവളോട്
വീണ്ടും വീണ്ടും കെഞ്ചുന്നു.
ഭൂമിയിലേക്ക് ഇറങ്ങിവരുന്ന
ചന്ദ്രനെയും മുയലിനെയും കണ്ട്
ഞങ്ങളുടെ പ്രണയം ഒരിക്കൽക്കൂടി
അവൾക്കുവേണ്ടി ഞാൻ വിളിച്ചു പറയുന്നു.
അവൾ, കണ്ണ് കാണാത്തവൾ, വിധവ.
“കളക്റ്ററുടെ ഒമ്പതാമത്തെ ഗുമസ്തന്റെ
വെട്ടിയെടുത്ത തലയുമായി താൻ നൃത്തം ചെയ്യുകയാണ്’’ എന്ന്
വിളിച്ചു പറയുന്നു.
‘‘ഇത് ഞാൻ ആടട്ടെ”
പാവം, അവൾ കണ്ണുകൾ തുറക്കേണ്ടാ,
കാഫ്കയെ വായിക്കേണ്ടാ, കവി ആവേണ്ടാ
“നീ താഴേയ്ക്കു വാ”
എന്റെ കൈകൾ ഞാൻ അവൾക്കുവേണ്ടി
മലർത്തിപ്പിടിക്കുന്നു.
എൻറെ കൈകളിലേക്ക്
ഒരു തുള്ളി നിലാവിനൊപ്പം
അവൾ വീഴുന്നു.
ഒരു കുഞ്ഞു മുയൽ
അതേ നിലാവിൽ, അത്രയും പേടിയോടെ
രണ്ടു തുള്ളി കണ്ണുകൾ…