ഇന്നും ആ മലകൾ
ആ ഇസ്ക്കൂളിനെ നോക്കിയപ്പോ
കുറച്ച് പക്ഷികൾ അതുവഴി
കാട്ടിലേക്ക് പറന്നകന്നു.
ഇസ്ക്കൂളിനരികത്തെ പുഴയിലെ
തവളകളും മീനും ഞണ്ടുമെല്ലാം ചേർന്ന്
ഓരേ ബഞ്ചിലിരുന്ന് പഠിച്ച കുട്ടികളുടെ
പേരെല്ലാം കോർത്തൊരു മാലയിട്ടു.
ആ മാലയിൽ മരിച്ച കുട്ടികളുടെ
പേര് ചൊല്ലി വിളിച്ചപ്പം
ചെളിക്കയത്തിൽ നിന്നും
ഒരു പൂച്ചെടി മുളച്ച് പൊന്തിട്ട്
പൂക്കളായി കൂട്ടുക്കാരെ
വിളിക്കുവാൻ തുടങ്ങി
ആശെ വാ വാ… വാ...
ആകാശം വാവാ... വായോ
വായോ വായോ.... വായോ… ഭൂമി.
സറേ! എനിക്കീ കവിത
എഴുതാൻ തോന്നുന്നില്ല.
എന്തെന്നറിയില്ല
ചുമ്മ കരയാൻ തോന്നുന്നു.
അവരെല്ലാരും ചേർന്നാ
പൂമരച്ചോട്ടിലെത്തിയപ്പോ
വീണ്ടും ഒരു മഴ പെയ്തു.
ആ പെയ്ത മഴ ഒരു ചോദ്യം
ചോദിച്ചപ്പം എനിക്ക് എനിക്ക്
ഒരു ഉത്തരം മാത്രമേ കിട്ടിയുള്ളു.
ആ ചോദ്യത്തിനുത്തരം
മുണ്ടക്കൈ കയ്യേറി
നശിപ്പിച്ചവരാണ്.
ഉത്തരം ശരിയാണോ സാറേ.
ശരി.
ഞാൻ ചോദിച്ചതല്ല
ആ മരിച്ച കുട്ടികളും
മുതിർന്ന ആൾക്കാരും
ചോദിച്ച ചോദ്യമാണ്.
ഇപ്പോഴും അവിടെ
മഴ പെയ്യുകയാണ്.
ആളൊഴിഞ്ഞ മണ്ണും
ആഴമായ കാറ്റും വെയിലും
അഴുക്കില്ലാത്ത കല്ലിൽ കയറി
ഒരാമയായി മീനായി മുതലയായി
രക്ഷപ്പെടാൻ കാത്തിരുന്നു.
കലക്ക്.
നല്ല തണുപ്പുണ്ട് സാറേ
ചെളിയുണ്ട് സാറേ സാറേ
ഞാനീ പൂവിനെ നുള്ളുന്നില്ല
അതിൽ ഒരുപാട് കണ്ണുകളുണ്ട്.
അവർ ഈ കൈ കാണട്ടെ.
പേര് വിളിക്കുന്നു.
ഹരിയുണ്ടോ?
ഉണ്ട് സാർ ഹാജർ.
വിജി ഹാജർ
സുമ ഹാജർ
കിരൺ ഹാജർ.
Ok ഞാനും ഹാജർ.
പേര് വിളിച്ച മാഷ്
വീട്ടിലിരുന്ന് കരയുന്നു
അവരെ ചുമന്ന ബെഞ്ചും
ഡെസ്ക്കും ബോർഡും
കരഞ്ഞ് കരഞ്ഞ് കരഞ്ഞ്
ഒരുപേരെഴുതി തന്നു.
ആ പേര് ആരൊക്കെയാണ്?
ഇപ്പോഴും ആ ചോക്കിന്റെ -
നിറം തീർന്നിട്ടില്ല സാറേ.
പച്ച നീല കുറുപ്പ് ചുവപ്പ്
മഞ്ഞ കതിരാക്കി ഒരു പൂമരം താ
സാറേ ....? ഒരു മഴവില്ല്.
ബോർഡ്
മലയാളം പഠിപ്പിച്ച്
കണക്ക് ബയോളജി
സാമൂഹ്യശാസ്ത്രം
ഇംഗ്ലീഷ് ഹിന്ദി കെമസ്ട്രി
പിസിക്സും തമാശയും പറഞ്ഞ്
കാത്തിരുന്നിട്ടും കുട്ടികളാരും
സ്കൂളിൽ വന്നില്ല.
സാറേ...
ഈ കറുത്ത ബോർഡിലെഴുതാൻ
എനിക്കൊരു ചോക്ക് വേണം സാറേ...
മക്കളെ ഈ പുഴ ഒഴുകും
ആ ഒഴുക്കിലൂടെ
അക്ഷരമാലകൾ നിറയും
ഇപ്പോഴും ഞങ്ങളിവിടെയുണ്ട്.
കലക്ക് തെളിഞ്ഞിട്ടില്ല.
