പടിക്കൽ
കാത്തുനിന്നു.
വെളിച്ചങ്ങളെല്ലാം കെടാൻ.
മരങ്ങൾക്കിടയിലൂടെ
ഇരുട്ടിന്റെ നിഴൽ വീണ
വീടിനെ കാണാൻ
എന്തൊരഴകാണ്.
പാത്രങ്ങൾ,
വെള്ളം
ആളുകൾ എന്നിങ്ങനെ
അകത്തെ ഒച്ചകളെല്ലാം
ക്രമത്തിൽ
തോർച്ചയുടെയും
പുതപ്പിന്റെയും
ഉറക്കത്തിന്റെയും
താളത്തിലേക്ക് നേർത്ത് വരുന്നുണ്ട്.
പണ്ടൊരിക്കൽ വീട്ടിൽ
വളർത്തിയിരുന്ന
പൂച്ച, രാത്രിയെ
മെരുക്കിയെടുത്ത്
ഓമനിക്കുംവിധം
ഓർമ്മയിലേക്ക് വന്നു.
വീടിന്റെ കെട്ടഴിച്ച്
അകത്ത് കയറി,
ശ്വാസത്തിന്റെ
അലകളിൽ മുട്ടാതെ
മുറ്റത്തെ പാലയിൽ നിന്ന്
എന്റെ കണ്ണിലേക്ക്
നോട്ടമയയ്ക്കുന്ന
കൂമന്റെ ആഞ്ഞുള്ള മൂളലിൽ
ഞാൻ
ഞെട്ടിയുണർന്നു.
മെരുക്കിയെടുത്ത
ഇരുട്ടുമായിട്ടരികിൽ നിൽക്കുന്നു
പണ്ടൊരിക്കൽ
പിരിഞ്ഞുപോയ പൂച്ച.
ഞാനതിന്റെ തൊണ്ടയിൽ തടഞ്ഞ്
ഉച്ചത്തിൽ നിലവിളിച്ചു.
ഞാൻ നാടുകടത്തപ്പെട്ടിരിക്കുന്നു.