ഒന്ന്:
കമാലക്കടവ്, കൊച്ചി
കമാലക്കടവിലേക്ക് പോകുമ്പോൾ
മിനാർ എന്നു പേരുള്ള മഞ്ഞനിറമുള്ള ബോട്ട്
എതിരെ വന്നു
അതിലും നിറയെ ആളുകളുണ്ട്.
നൂറടി പൊക്കത്തിൽ
ദേശത്തിന്റെ പതാക
മറൈൻ ടെർമിനലിൽ ഉറച്ചിരുന്ന്
അഴിമുഖത്തുകൂടി പോകുന്ന
കപ്പലുകളെ നോക്കി ഇളകിയാടി
കമാലക്കടവ് ഒരുപാട് മനുഷ്യരെ
കണ്ടതാണ്.
സേതുസാഗർ കരയ്ക്കടുക്കുകയാണ്
മറുകരയിൽനിന്ന്
ആ വരവിന്റെ പ്രകമ്പനം
ഓളങ്ങൾ കരയെ അറിയിക്കുന്നുമുണ്ട്.
അക്കരയും ഇക്കരയും തമ്മിലുള്ള
കൊടുക്കൽ വാങ്ങലാണ്
സേതുസാഗർ നടത്തുന്നത്.
അവൾ ഒരു കിഴവിയെപ്പോലെ
കായലിനു കുറുകെ
ജാഗ്രതയോടെ നീങ്ങുന്നു.
അക്കരയെത്തേണ്ടവർ
കരയെ തൊടാൻ
അവളിൽ
വെമ്പി നിൽക്കുന്നു.
അവൾ ഇക്കരെയേ ഓർത്ത്
വെപ്രാളപ്പെടുകയും ചെയ്യുന്നു.
സേതുസാഗർ ഒരു ജങ്കാർ ആണ്.
അടുത്തടുത്തു വരുമ്പോൾ
പ്രൗഢമായ പ്രകമ്പനം
കൃത്യതയുള്ള ചുവടുകൾ.
തുരുമ്പിച്ച കൈമടക്കുകൾ
കരയുടെ പാത്തിയിൽ അള്ളിപ്പിടിച്ചു.
വാങ്ങൂ… കിഴവി കരയോട് പറഞ്ഞു.
ആദ്യം കാല് വണ്ടിയിലുള്ളവർ
ശേഷം ഹല്ലേലുയ എന്ന
ടെമ്പോ വാൻ
(അതിൽ നിറയെ സ്കൂൾ കുട്ടികൾ).
സുന്ദരി എന്ന ഓട്ടോറിക്ഷാ
വല്ലക്കുട്ടയിൽ
കോഴിക്കുഞ്ഞുങ്ങളുമായി സൈക്കിൾ പയ്യൻ.
ക്യാമറയും തൂക്കിയൊരു താടിക്കാരൻ.
ഇരുകാലിമനുഷ്യർക്ക് പിന്നാലെ
അവരെ ഉൾക്കൊണ്ട വാഹനങ്ങളും
കരയിലേക്ക് ഓടിച്ചുകയറി.
വൈപ്പിൻ ദ്വീപ്
ഇക്കരയിൽ നിന്ന്
അക്കരയിലേക്ക് നോക്കി.
വിരുന്നുവന്ന പുയ്യാപ്ലക്കിളി
നങ്കൂരക്കുറ്റിയിൽ കൊക്കുരച്ചുമിനുക്കി.
ട്രൂടാട്രൂടാ ശബ്ദം
എഞ്ചിനുകളുടെ വിക്കൽ.
ഇക്കരയിൽ നിന്ന്
അക്കരയിലേക്ക് പോകാനുള്ളവർ
അവിടെയെത്തുമ്പോൾ
പിന്നെയും കര തെറ്റിപ്പോകുന്നവർ.
‘സ്വീകരിക്കൂ’, കര പറഞ്ഞു.
അതുകേട്ട്
ഒരു കൂട്ടം മനുഷ്യർ
നനഞ്ഞ കുട മടക്കി ഒതുക്കി.
ഫ്രണ്ട്ഷിപ്പ് എന്ന പേരുള്ള പച്ച വാൻ
കനകമോൾ എന്ന ഓട്ടോ
ഹെൽമെറ്റ് വച്ച പെൺകുട്ടി
വീൽചെയറിൽ നൈറ്റിയിട്ട അമ്മൂമ്മ
ഒരു പാതിരി
ഹാർമോണിയവുമായി മറ്റൊരു താടിക്കാരൻ
കൂനുള്ള കിഴവൻ
തല ഉയർത്തിപ്പിടിച്ച് ഒരു കന്യാസ്ത്രീ.
പിന്നിൽ നിന്ന് ഒരു ഹോണടി
ഞാൻ കഴുത്തു വെട്ടിച്ചു.
നാവികൻ
എന്ന ടെമ്പോ ട്രാവലെർ.
നാവികന് പോകാൻ പറ്റിയില്ല.
സേതുസാഗർ തിരിഞ്ഞുനിവർന്നു.
ഓളങ്ങൾക്കുമേലുള്ള അവളുടെ
പിറുപിറുക്കൽ
കൂനുള്ളവന്റെ ചെവിയിലേക്ക്
ഇരച്ചുകയറി
തട്ടുമ്പുറത്തെ വളയങ്ങളിൽ
അക്കരയോ ഇക്കരെയോ എന്ന ചിന്തയില്ലാതെ
പുറംതിരിഞ്ഞിരുന്ന് ഒരുവൻ
കിഴവിയാകാത്തവിധം
‘അവളെ’ നിയന്ത്രിച്ചുകൊണ്ടിരുന്നു.
രണ്ട്:
ദൽഹി
പുലർച്ചെ
റബ്ബർബാന്റിട്ടു മുറുക്കിയ
ചുരുളുകളായി പത്രം നിലംതല്ലി വീഴും
കുനിഞ്ഞ്
വലതുകൈകൊണ്ടു
ഞാനതെടുക്കും.
മുറുക്കിക്കെട്ടിയ വാർത്തകളെ
അതേപടി
ഇടം കണ്ണിലേക്കടുപ്പിക്കും.
വലതുകണ്ണിറുക്കിപ്പിടിച്ച്
നേരിയ സുഷിരത്തിലൂടെ
വെളിപ്പെടുന്ന പ്രകാശത്തിലൂടെ
ശ്വാസമയച്ചുവിട്ട്
ഞാനെന്റെ രാജ്യത്തെ
വായിക്കുന്നു.
