റോഡരികിലെ പഴയ മണ്ണിൽ, ഒരാൾ പുതുവസ്ത്രങ്ങളണിഞ്ഞുറങ്ങുന്നു.
സങ്കടത്തിന്റെ കൊടുമുടിയിൽനിന്നും വീണ്,
ഇപ്പോൾ നരകത്തിലേക്ക് നോക്കിക്കിടക്കുന്നു.
ഞാൻ നടക്കുന്നു.
ഞാൻ നടക്കുന്നു.
പിന്നെയും ഞാൻ നടക്കുന്നു.
ഒരിക്കൽ പൂക്കളുമായിനിന്ന കൊന്നമരം
ചില്ലകൾ താഴ്ത്തിപ്പിടിച്ചിരുന്നു.
അതിന്റെ മൂളൽ അവിടെത്തന്നെ കേൾക്കാതാവുന്നു.
ഞാൻ നടക്കുന്നു.
ഒരു പെൺകുട്ടി സൈക്കിളിൽ ഇടത്തോട്ടോ വലത്തോട്ടൊ തിരിയാൻ ജംഗ്ഷനിൽ ഒറ്റക്കാലിൽ നിൽക്കുന്നു.
പിന്നെയും ഞാൻ നടക്കുന്നു.
വഴിയിലെ വീട്ടുപേരുകൾ ഞാൻ
വായിക്കാൻ തുടങ്ങുന്നു.
വീടുകളുടെ നമ്പർ
ഞാൻ പറയാൻ തുടങ്ങുന്നു.
കേണലിന്റെയും ഡോക്ടറുടെയും വക്കീലിന്റെയും വീടുകൾ കഴിയുന്നു. അവയുടെ മൗനം അവിടെത്തന്നെനിന്ന്
വലുതാകുന്നു.
സൈക്കിളിൽ പെൺകുട്ടി.
അവൾ എന്നെയും കടന്നുപോകുന്നു.
അവളുടെ കാതുകളിൽ മുഴങ്ങുന്നു താളം
അവളുടെ ഉടലിന്റെ നൃത്തത്തിനു ചുറ്റും നിൽക്കുകയാവും -
അവൾ എന്നെനോക്കി പുഞ്ചിരിക്കുന്നു.
അവളെ അത്രവേഗത്തിൽ കാണാതാവുന്നു.
പിന്നെയും ഞാൻ നടക്കുന്നു.
റോഡരികിലെ യുവാവ്, ഇപ്പോൾ
ഉറക്കം കഴിഞ്ഞ് എഴുന്നേറ്റിരിക്കണം.
ലജ്ജയോടെ ചുറ്റും നോക്കുകയാകണം.
റോഡരികിലെ യുവാവ്, ഇപ്പോൾ
വന്ന ദിക്കിലേക്കുതന്നെ നടക്കാൻ തുടങ്ങിയിരിക്കണം.
ഞാൻ വീണ്ടും നടക്കുന്നു.
ഞാൻ വീണ്ടും നടക്കുന്നു.
ഞാൻ വീണ്ടും നടക്കുന്നു.
ഞാൻ തിരിച്ചുനടക്കാൻ തുടങ്ങുന്നു.
വീട് ഇരുട്ടിനുപിറകിൽ, ഇപ്പോൾ ഒളിഞ്ഞിരിക്കുകയാകണം,
എന്റെ മുമ്പിൽ ചാടിവീഴാനാകണം,
എനിക്ക് ചിരിവരുന്നു.
ഞാനെന്റെ കാത് പൊത്തുന്നു.
ഞാൻ വേഗത്തിൽ,
വളരെ വേഗത്തിൽ
തിരിച്ചുനടക്കാൻ തുടങ്ങുന്നു.
