നിധിൻ വി.എൻ.

കണ്ണാടി

ണ്ണാടിയിൽ,
കാണാൻ കൊതിക്കുന്ന
എൻ്റെ രൂപം,
തേരട്ടയെപോലെ
ഉള്ളിൽ ചുരുണ്ടു.

വീണപൂവിനെ നോക്കി
വിലപിക്കുംമട്ടിൽ,
കണ്ണാടിക്കുമുന്നിൽ
നിൽക്കുന്നു.

വിഷാദത്തിൻ്റെ ചില്ലയിൽ
ഹൃദയം തൂക്കിയിട്ട
കുരങ്ങനെ
ഉടലാൽ അനുകരിക്കുന്നു.

അപരിചിതമായൊരിടത്ത്
എത്തിയപോലെ,
കണ്ണാടി നോക്കുന്നു.
അപ്ഡേറ്റഡായ
ഉടൽ കാഴ്ച
കണ്ണാടി വരക്കുന്നു.

കള്ളം,
രണ്ടു കാലിൽ എഴുന്നേറ്റുനിൽക്കുമ്പോൾ,
കണ്ണാടിയിൽ പ്രതിഫലിക്കുന്നു
വെളിച്ചത്തിൻ്റെയൊരു കീറ്.

സത്യം നഗ്നമാണെന്നതുപോലെ,
കണ്ണാടിയൊന്നും
ഒളിക്കുന്നില്ല.

കുഞ്ഞിലേ മുതൽ
കണ്ടതിൻ്റെ
പരിചയങ്ങളില്ല,
ഓർമ്മ പുതുക്കലില്ല.

ഈ നിമിഷത്തെ മാത്രം
വിശ്വാസത്തിലെടുക്കാൻ,
കണ്ണാടി പഠിപ്പിക്കുന്നു.

ഉള്ളിലെവിടെയോ പ്രതിഷ്ഠിച്ചുപോയ
വാക്ക്, ജ്വലിക്കുന്നു.
മാറ്റത്തിൻ്റെ ഗുരുവചനം,
കാതിൽ മുഴങ്ങുന്നു.

പ്രതിഷ്ഠ, കണ്ണാടിയാകുമ്പോൾ
അകവും പുറവും
വെളിവാകുന്നു.

മനുഷ്യനായും മൃഗമായും
പരിഗണിക്കാത്തതിൻ്റെ വേദന,
വേനലിൻ്റെ അഗ്നിശ്വാസംപോലെ
വന്നുപൊതിയുന്നു.
കൺമുന്നിലെന്നപോലെ
കണ്ണാടിയിൽ തെളിയുന്നു,
മുന്നിലെത്തുന്നതെല്ലാം.

കണ്ണാടിക്കു മുന്നിലെത്തുമ്പോൾ
അറിവിലേക്കൊരു വാതിൽ തുറക്കുന്നുണ്ട്.
അവനവനെ കാണുന്ന തിരക്കിൽ
കാണുന്നില്ലന്നേയുള്ളൂ.
പ്രപഞ്ചത്തിൻ്റെ പ്രതിരൂപമായി
കണ്ണാടി
പ്രതിഷ്ഠിക്കപ്പെടുന്നു.


Summary: Kannadi malayalam poem by Nidhin VN Published in Truecopy webzine packet 266.


നിധിൻ വി.എൻ.

കവി, കഥാകൃത്ത്. കടല്‍ച്ചുഴിയിലേക്ക് കപ്പല്‍ ചലിക്കുന്നവിധം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments