പിന്നെ പുലർന്നതേയില്ല

വളെ വിളിച്ചുകൊണ്ടുവന്നതിന്റെ വിയർപ്പുണങ്ങും മുമ്പേ
ആവോലിയുടെ തുള്ളാട്ടം കണ്ട്
അയാൾ വള്ളത്തിൽക്കയറിപ്പോയി
തിരകൾ പൊതിഞ്ഞുരുട്ടിയ ഇരുട്ടിൽതപ്പി അവൾ കരയിൽതന്നെയിരുന്നു

അയാളുടെ മടക്കം കാത്തിരിക്കെ നോമ്പ് തീർന്നു
കടൽ ഒന്നും അറിയാത്തമാതിരി അവളെ നോക്കിപ്പതുങ്ങിപതഞ്ഞു.

ഉയിർപ്പിന്റെ പൂവ് നീളൻമുടിയിലൊളിപ്പിച്ചുവെച്ച ദൈവത്തിനെ
അവൾ സ്വപ്‌നം കണ്ടു
ഉയിരിന്റെ പൂവിൽ നിന്നൊരിതൾ
ദൈവം അവൾക്ക് നുള്ളിക്കൊടുത്തുവെന്നും

ക്രൂശിക്കപ്പെട്ട യേശുവിനായി മാത്രം
മനുഷ്യർ വഴിനീളെ മാലയായികോർത്തെടുത്തു നീട്ടി നക്ഷത്രങ്ങളെ
കുരിശിലേറി പോകുന്നേരം
നാലാം സ്ഥലത്തെത്തിയ ഈശോ കിതച്ചുകൊണ്ടവളെ നോക്കി
അത്രയും ഒറ്റക്കായവരല്ലേ നമ്മൾ
എന്നവൾ ഈശോയുടെ ചെവിയിൽ തേങ്ങിക്കാണും
നിലാവിനോടൊന്ന് ചിമ്മാൻ പറയൂ
കടലിൽ നിറയെ വെളിച്ചമാണെന്ന് ഈശോ അവളെ സമാധാനിപ്പിച്ചിരിക്കാം

യേശുവിനെ കാണാൻ പോയിവന്ന ശേഷം
അവളുടെ കയ്യിൽ ഉയിർപ്പിന്റെ പൂവ് കണ്ടു, അയൽക്കാർ.

പിറ്റേന്ന്
കൊറ്റു*ദിക്കുന്ന കാറ്റിൽ അവൾ ഉണർന്നിരിക്കാം
കടൽക്കരെ വന്നിരിക്കുകയും ചെയ്തിരിക്കാം

തിരകൾ പ്രകാശത്തിന്റെ തേക്കുകൊട്ടകളാണ്
ഉപ്പുപൂക്കളുള്ള പ്രകാശചുരുളുകൾക്കിടെ
തിര ഭേദിച്ച് അവൾ നോട്ടമയച്ചിരിക്കാം
ഈശോ പറഞ്ഞതെത്ര നേരാണെന്ന് അതിശയിച്ചിരിക്കാം

ആവോലിയുടെ പിറകെ നീന്തിനടക്കുന്നവനെ കണ്ടിട്ടാവണമവൾ
വെളിച്ചത്തിന്റെ വാലിൽ പിടിച്ച് തിരയിലേക്കിറങ്ങിയിരിക്കുക

ആവോലിയെ പിടിക്കാൻ
വള്ളത്തിൽനിന്നും കരയിൽനിന്നുമെടുത്തുചാടിയ രണ്ടുപേർ
കടലിനകത്തെ വെളിച്ചത്തിൽ ഉപ്പളങ്ങളൊരുക്കുന്നു

*കൊറ്റ് - പ്രഭാതത്തിലുദിക്കുന്ന നക്ഷത്രം.
മീൻപിടിത്തക്കാർ സമയമറിയാൻ ആശ്രയിച്ചിരുന്ന ഒരു നക്ഷത്രം.


കന്നി എം.

കവി, ചിത്രകാരി. ചാരനിറമുള്ളൊരാൾ ചുവന്ന പൊട്ട് കുത്തുന്നു എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments