വിനോദ്​ വിയാർ

കാപ്പാട്​

വൈകുന്നേരവുമായി ഞങ്ങൾ കാപ്പാടെത്തി.

വൈകുന്നേരത്തിന്
ആകാശത്തിത്തിരി പണിയുണ്ടായിരുന്നു
കവാടത്തിനെതിരെയുള്ള
കടയിൽ നിന്ന് ലൈം സോഡ കുടിച്ച്
ഞങ്ങൾ പണി നോക്കിനിന്നു.

വാസ്‌കോഡഗാമയുടെ കാല്പാടുകളാണ്
ഞാനവിടെ തിരഞ്ഞത്
അക്കാലത്തെ ചെരുപ്പുകളെക്കുറിച്ച്
എനിക്ക് ധാരണയില്ലാത്തതു കൊണ്ട്
ഞാൻ പരാജയപ്പെട്ടു.
‘നിന്റെ വല്ലതും കളഞ്ഞുപോയോ?'
എന്ന് സുഹൃത്ത് ഇടയ്ക്കിടെ ചോദിച്ചു.

ഏറുമാടത്തിനു മുകളിലിരുന്ന്
ഞങ്ങൾ ബീച്ച് കണ്ടു.
തിരക്കായി വരുന്നു,
സെൽഫിക്കായി പറ്റിയ ഇടം പരതുന്നവർ
തിരയുമായി മത്സരയോട്ടം നടത്തുന്നവർ
ചിരിക്കുന്നവർ
ചിരിക്കാത്തവർ
ചുംബിക്കുന്നവർ പോലും!
നടന്ന് നടന്ന് ബീച്ച് അളക്കുന്നവർ
പറഞ്ഞ് പറഞ്ഞ് കൊതി തീരാത്തവർ
കടല കൊറിക്കുന്നവർ
ഐസ്‌ക്രീം നുണയുന്നവർ
പറവകളുടെ ചിറകുകൾക്ക് കുരുക്കിടാൻ
പട്ടം പറത്തുന്നവർ
എന്തൊക്കെയോ ചെയ്യുന്നവർ
ഒന്നും ചെയ്യാത്തവർ...

ചെരുപ്പൂരി കൈയിൽ പിടിച്ച്
മണലിൽ ചവിട്ടിയപ്പോൾ കുളിർത്തു
ഹൊ! ചരിത്രം! ചരിത്രം!
എനിക്ക് കവിതയെഴുതാൻ തോന്നി
അവനൊരു ഹിന്ദിപ്പാട്ട് പാടി
അവിടെ മൊഞ്ചത്തികളുമായി
കടല് നുണയാൻ വന്നവരെ
അസൂയയോടെ നോക്കി
പ്രണയം കൊണ്ട് കണ്ണ് കഴുകിയവരെപ്പോലെ
ഹൃദയം കണ്ണിലേക്കു തള്ളിവന്നു
പ്രണയത്തെക്കുറിച്ചു മാത്രം
സംസാരിക്കാൻ പറ്റിയ ഇടമാണ് ബീച്ചെന്ന്
ഞങ്ങൾക്കപ്പോൾ തോന്നി.

തിരയുമായി കലഹിച്ചോടുന്ന പെൺകുട്ടികളെ
ഞങ്ങൾ നോക്കി നിന്നു.
വയലറ്റ് സാരിയുടുത്ത ഒരുവളോട്
അവന് പ്രണയം തോന്നി
നോക്കി നോക്കി നിൽക്കുമ്പോൾ
അവനൊരു ശിലയാകുമോ എന്നു ഞാൻ പേടിച്ചു
അവിടെ കൂടിക്കിടക്കുന്ന ശിലകളെല്ലാം
അങ്ങനെയുണ്ടായതാണെന്ന് ഞാൻ വിചാരിച്ചു.
പ്രണയത്തിന്റെ കെട്ട് പൊട്ടിക്കാൻ
ഞാനവനോട് ഒരു പ്രേതകഥ പറഞ്ഞു
അവൻ പേടിച്ചില്ലെങ്കിലും ധ്യാനം വിട്ടുണർന്നു.

തിരിച്ചു പോരുമ്പോൾ
ശിലകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയെപ്പറ്റി
ഞാൻ ഗൂഗിൾ സെർച്ച് ചെയ്തുകൊണ്ടിരുന്നു.
‘വയലറ്റ് പ്രിയ നിറമായെന്ന്' അവൻ പറഞ്ഞപ്പോൾ
ഞാൻ ചിരിച്ചു.
രാത്രിയാണ് വഴികാട്ടിയായി
ഞങ്ങൾക്കൊപ്പം വന്നത്
വൈകുന്നേരത്തെക്കുറിച്ച്
ഞങ്ങൾ അന്വേഷിച്ചതേയില്ല.


വിനോദ് വിയാർ

കവി. കേരള ഗ്രാമീൺ ബാങ്ക്​ ജീവനക്കാരൻ. ഇരിപ്പിടമില്ലാത്ത കവിതകൾ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments