അഴലുകൾ കെട്ടഴിച്ച
ലോകമാം ഗംഭീരവാരിധിയാണെങ്കിലും
ലവണത്തിര ഉയർന്നിട്ടില്ലാത്ത
പള്ളിത്തകിടിയിൽ
കപ്പലോട്ടിയ പെരുംപുലയരുണ്ട്.
സുഗന്ധവ്യഞ്ജനം നിറച്ച്
കനകവും പട്ടുപരവതാനിയും തേടി
കാറ്റിനോട് ദിശകേട്ടു
പരന്ത്രീസിലേക്കും അറേബ്യയിലേക്കും
കടൽച്ചൊരുക്കൊത്തു നീന്തിയ
കച്ചവടക്കപ്പലല്ലിത്.
ഭീരുവിന്റെ കുറുകിയ കണ്ണുമായി,
ഇരുൾ തുളച്ച് പാഞ്ഞുവരും
ശസ്ത്രം കണ്ട് നിലവിളിച്ചുണർന്ന
തിരയിലുലയുന്ന പടക്കപ്പലല്ലത്.
അപഹരിച്ച വിയർപ്പും മനസ്സും
കപ്പലാകെ നിറച്ച്
ശല്ക്കങ്ങൾക്കു മൂർച്ച വരുത്താമെ-
ന്നുറച്ച വ്യാളികളുമില്ലിവിടെ.
ഞായറാഴ്ചകളിൽ
ഒരേ ദിശയിലേക്ക് ചൂണ്ടിയ കാറ്റിൽ
കപ്പൽപ്പായ തുറമുഖം തിരഞ്ഞു.
നാവികരെല്ലാം
കപ്പലുകളുമായിരുന്നു.
അവ, ഗലീലിക്കടൽ നീലയിൽ
തുഴകളെറിഞ്ഞു…
പോകെപ്പോകെ
ആ കടലാസുപടകുകൾ
ഒരിടത്തും നങ്കൂരമിടാതെ
യാത്ര മതിയാക്കി,
കണ്ണുപൊട്ടിയ വിളക്കുമാടം
കര പരതുന്ന
പള്ളിപ്പറമ്പിലടങ്ങി കുതിർന്നു കിടന്നു.
പൊലിഞ്ഞ ധ്രുവനക്ഷത്രത്തോടൊപ്പം
ചരിത്രാതീതകാലത്തെന്നോ
മുങ്ങിയ കപ്പൽ,
പൊടുന്നനെ കടൽ വറ്റി
മരുഭൂമിയായിടത്ത്
കാണും മട്ടിൽ
അണിയവും അമരവും തകർന്നു
പള്ളിത്തകിടിയിൽ കിടപ്പുണ്ട്…
തകരമുളച്ചഴിഞ്ഞുലഞ്ഞ പെലപ്പള്ളി.