രാത്രി മറ്റൊരു രാത്രിയെപ്പോലെ വന്നു
മറ്റൊരാളെപ്പോലെ ഞാൻ നെടുവീർപ്പിട്ടു
മറ്റാർക്കോ എന്ന പോലെ
പഞ്ഞിമുട്ടായിയുടെ കിടക്ക
കുടഞ്ഞു വിരിച്ചു.
ഓർമ്മയുടെ പടക്കപ്പൽ നങ്കൂരമഴിച്ചു
കറുത്ത ചോരയുടെ തിരകളിൽ
മറ്റെല്ലാ രാത്രികളെയുംപോൽ
ഈ രാത്രിക്കുമവസാനമില്ല.
ഡെക്കിനറ്റത്ത് ഒറ്റക്ക് കൈകളൂന്നി മുന്നോട്ടല്പമാഞ്ഞ്
ഇളകുന്ന കറുപ്പിൻ്റെ പരപ്പിലേക്ക്
മറ്റേതോ കാലത്തിലേക്കെന്നപോലെ
ഉറ്റുനിൽക്കുന്ന ആളെക്കണ്ടോ
കപ്പിത്താൻ്റെ വേഷം സ്വയമേറ്റെടുത്ത് അഭിനയിക്കുകയാണയാൾ.
മറ്റൊരു പടക്കപ്പലും എതിരെവരല്ലെന്ന്
അയാൾ ആഗ്രഹിക്കുന്നു.
ഏകാകിയും സസ്യഭുക്കും
കണ്ണീരെന്ന പോലെ ഉപ്പുവെള്ളം കുടിക്കുന്നവനും പരമസാത്വികനുമായ
നീലത്തിമിംഗലമാണ് താനെന്ന് അയാൾ
വിചാരിക്കുന്നുണ്ട്.
എനിക്കയാളോടാണ് യുദ്ധം ചെയ്യേണ്ടത്
അദൃശ്യമായ ആയുധങ്ങളുമായി
എന്നോടു പോരാടുകയാണ്
അയാളെപ്പോഴും.
കടലിൻ്റെയും കപ്പലോട്ടത്തിൻ്റെയും
വ്യാജമായ ജ്ഞാനിമങ്ങളെ
പടയ്ക്കുകയാണ്
മറ്റേതോ കാലത്തിൽ നിന്നെന്നപോലെ.
കറുത്ത ചോരയുടെ നടുക്കടലിൽ വെച്ച്
എന്നത്തെയും പോലെ
മറ്റൊരാളിലേക്കെന്നപോലെ
ഞാനെൻ്റെ റിവോൾവർ ഉന്നംപിടിക്കുന്നു,
അലസമായ ഉദ്വേഗത്തോടെ കാഞ്ചിവലിക്കുന്നു.
ഒരു ചെടി നടുംപോലെ അല്ലെങ്കിൽ
മറ്റെന്തോ ചെയ്യുംപോലെ
എനിക്കും എൻ്റെ ലോകത്തിനും പ്രായമാകാതിരിക്കാൻ.