ഏതാണ്ട് ഇരുപതുകൊല്ലം മുമ്പ് പ്രയാഗിൽ വെച്ച്
നിന്നെ വായിച്ച ഒരാൾ ഇക്കഴിഞ്ഞ ദിവസം മരണപ്പെട്ടു.
കാൾ
നീയെഴുതിയ അപസർപ്പക നോവലിന്റെ പേരെന്താണ്?
എന്റെ കുട്ടിക്കാലത്ത് ചുവന്ന മഷിയാൽ
എന്റെ ഉപന്യാസങ്ങൾ തിരുത്തിയിരുന്ന
അച്ചടക്കത്തിൽ കർക്കശക്കാരായിരുന്ന അധ്യാപകൻ,
ഇന്ന്, തൊഴിൽരഹിതനായ മകന്റെ ജോലിക്കായി
എനിക്ക് കോഴ വാഗ്ദാനം ചെയ്യുകയായിരുന്നു.
സമരത്തിന്റെയും ചുഷണത്തിന്റെയും ലോകത്തേക്ക് നോക്കുമ്പോൾ
എനിക്കു തോന്നുന്നു -
ഓരോ കവിതയും
ഒരു ഒറ്റിക്കൊടുപ്പാണെന്ന്.
കാൾ!
എന്റെ പേന മുറിഞ്ഞ ഒരു ജനനേന്ദ്രിയത്തോളം നിഷ്ഫലമായിരിക്കുന്നു.
അന്നത്തിന്റെ നിറം ക്രൂരമായ വെളുപ്പാണ്, അസ്ഥികൂടം പോലുള്ള വെളുപ്പ്,
ഇരുട്ട് എന്നിട്ടും കറുപ്പായിത്തന്നെ കാണപ്പെടുന്നു.
എന്നാൽ
ചുറ്റികയുടെ പ്രഹരം
ഒരരിവാളിനെ തകർക്കുന്നു -
നീയൊരിക്കൽ കണ്ടുപിടിച്ച
അത്യുല്പാദന ശേഷിയുള്ള ചുവന്ന നെല്ലിനം
കൂടുതൽ നരച്ച കളകളെ എമ്പാടും
വിളയിക്കുന്നു.
ക്ലൈമാക്സിൽ സൂചനകളോടുകൂടിയ
ചില പരിഹാരങ്ങൾ തീർച്ചയായുമുണ്ടാകും-
നിങ്ങളുടെ അപസർപ്പക നോവലിന്റെ
പ്രമേയമെന്തായിരുന്നു, കാൾ?
പ്രയാഗിൽവെച്ച് നിങ്ങളെ വായിച്ചയാൾക്ക്
നിങ്ങളുടെ ആശയങ്ങളെകുറിച്ചുള്ള,
അഴലുമാനന്ദവും ഭരിക്കുന്ന, ശീതീകരിക്കപ്പെട്ട നെടുങ്കൻ ഹാളിലെ,
മുന്തിയ ഒരു സെമിനാറിൽ മന്ത്രിക്ക് വായിക്കാൻ
ഇന്ന് ഒരു പ്രസംഗമെഴുതണം.
ഞാനിപ്പോൾ നിനക്കെതിരുന്നിന്നാൽ
ജാഥക്കാർ വന്നേക്കുമോ,
കഠാരമുനയാൽ ഈ നിമിഷം ഞാൻ
കുത്തേറ്റു വീഴുമോ?
സ്വന്തം ചതിയാൽ മരണത്തിലേക്ക്
ഒറ്റുകൊടുക്കപ്പെടുന്നവൻ ആരായിരിക്കും-
കവിയിലെ മനുഷ്യനോ, അതോ മനുഷ്യനിലെ കവിയോ?
സദാ ഇടതുചേർന്നു നടന്നെന്നാൽ
ആർക്കും ഒരിക്കലും കാലിടറാതിരിക്കുമോ?
'കാളിനെ വായിച്ചിട്ടുണ്ടോ, സാർ',
ചെറുപ്പത്തിൽ എന്നെ പഠിപ്പിച്ച അധ്യാപകനോട് ഞാൻ ചോദിച്ചു.
അദ്ദേഹം, എന്റെ പഴയ ഗുരു, കുറച്ചു നേരം പരുങ്ങി.
അദ്ദേഹത്തിന്റെ തൊഴിൽരഹിതനായ മകൻ പറഞ്ഞു:
'കാളിന് ഒരു ജോലി കിട്ടി, സാർ,
ചേംബർ ഒഫ് കൊമേഴ്സിന്റെ ഒരു ബ്രാഞ്ചോഫീസിൽ.'
ഏതു കാൾ?
നീയേത് വംശത്തിൽപ്പെട്ടവനാണ്,
കാൾ- നിന്റെ കുലനാമമെന്താണ്?
ഇരുപതുകൊല്ലം മുമ്പ് പ്രയാഗിൽ വെച്ച് നിന്നെ വായിച്ചയാൾ
ഇപ്പോൾ നിന്നെയോർക്കുന്നുണ്ട്.
വിശ്വാസമുണ്ട്, കാൾ!
ഇങ്ങനെയെല്ലാമിരിക്കിലും,
വിശ്വാസമുണ്ട്,
ചുവന്ന മഷിയില്ലെങ്കിലും
പുതിയൊരു ഉപന്യാസത്തിൽ,
'വിപ്ലവം' എന്നെഴുതാൻ കഴിയും,
തെറ്റുകൂടാതെ.
ഒരിക്കൽ കൂടി
നീ മാർക്സ് ആകേണ്ടതുണ്ട്, കാൾ!
