കരുണാകരൻ

വെള്ളിനാണയം

ദുഃഖിപ്പിക്കുമെന്നുറപ്പുള്ള ഒരോർമ്മയിലേക്ക്
കലരുന്ന കുയിലിന്റെ ഒച്ച കേട്ട്
പാർക്കിലെ കൽബഞ്ചിൽ ഞങ്ങൾ ഇരിക്കുകയായിരുന്നു.

പാർക്കിൽ ഇപ്പോൾ വരാത്ത വൃദ്ധയെപ്പറ്റി
മകൾ ഇന്നും പറഞ്ഞു.

വൃദ്ധ ഇരിക്കാറുള്ള എതിരിലെ കൽബഞ്ചിൽ
ചരൽക്കല്ലുകൾ നിരത്തിവെച്ച് കളിക്കുന്ന
മൂന്നു കുട്ടികളെ ഞാനും നോക്കി :
ഒരു റോഡോ ഒരു അണക്കെട്ടോ ഒരു തീവണ്ടിയോ
ഒഴിഞ്ഞ കൽബഞ്ചിൽ അവർ നിർമ്മിക്കുന്നുണ്ടായിരുന്നു.

അവർ എന്നെ നോക്കി ചിരിക്കാറുണ്ട്,
മകൾ വൃദ്ധയെ ഓർത്ത് പറഞ്ഞു:
ചിലപ്പോൾ എന്നെ നോക്കി വർത്തമാനം പറയുന്നു എന്നും തോന്നിയിരുന്നു.

കുയിലിന്റെ ഒച്ച ഇപ്പോഴും കേൾക്കുന്നുണ്ടായിരുന്നു.
വേറെ നേരത്ത് നിന്ന്. ഏറെ ദൂരെ നിന്ന്.

ഞാൻ എഴുന്നേറ്റു നടക്കാൻ തുടങ്ങി.
ആദ്യത്തെ കാൽവെപ്പുകളിൽ കുട്ടിയായിരുന്ന കാലം തടഞ്ഞു.
ചെരിഞ്ഞായി പിന്നെ നടത്തം. പിറകെ

വഴിയിൽ ഇരുൾ പരക്കാൻ തുടങ്ങി.

പിന്നിൽ നിന്നും മകൾ ഓടി വന്നു. എന്റെ മുമ്പിൽ കയറി.
പിന്നെ പന്തയത്തിലെന്നപോലെ ഞങ്ങൾ നടക്കാൻ തുടങ്ങി.

അവളുടെ ദുപ്പട്ട എന്റെ മുമ്പിൽ മിന്നൽ പോലെ പാറി.

ഒരു കുയിൽ ഇവിടെ എവിടെയോ ഉണ്ട്,
ഞാൻ മകളോട് പറഞ്ഞു.

ഞങ്ങൾ രണ്ടുപേരും നടത്തം നിർത്തി.
ഞങ്ങൾ രണ്ടുപേരും കാതോർത്തു.
മാനത്ത് എവിടെയൊ ഉരസി കുയിലിന്റ ഒച്ച
ഒരു തവണ മാത്രം എന്റെ ചെവിയിൽ വീണു
വെള്ളിനാണയം, ഞാൻ പറഞ്ഞു.

മകൾ ചിരിച്ചു.
​▮


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments