സാജോ പനയംകോട്​

കട്ടെടുപ്പ്

രണ്ട്​

നിറങ്ങളാൽ കൊതിപ്പിക്കും ടെക്​സ്​റ്റയിൽസിൽ
രാത്രി
ഞങ്ങൾ കള്ളന്മാർ കണ്ടുമുട്ടുന്ന
പരിചിതരാം നിഴലുകൾ, നഗ്‌നർ.

പേടിപ്പിച്ച് ഉണങ്ങാനിട്ട തുണികൾ
മഴയിൽ കാറ്റിൽ വിറയ്ക്കും പോലെ
പരസ്പരം നോക്കുന്നു.

ഞാനുടുപ്പിന്റെ പുട്ടു പൊളിച്ചുവന്നു
ഒരു മര്യാദയ്ക്ക്.
മേൽക്കൂരയുടെ ശ്വാസകോശംവഴി,
താഴ്​വാരം തുരന്ന് മലദ്വാരം വഴി,
ഇടുങ്ങി വരണ്ട വായിലൂടെ...
ഇവരൊക്കെ അങ്ങനെയകത്തു കയറിയതാകം.

സ്വന്തം കണ്ണ്
സ്വയം നോക്കുമ്പോൾ
പതറിപ്പോയതു പോലെ
മരണത്തെ വെപ്രാളത്തിൽ
വാരിച്ചുറ്റിയ പോലെ
തമ്മിൽ തമ്മിൽ
ഉയിരുമുടലും തിരിച്ചറിയാതെ.

നരച്ച് പിഞ്ഞിപ്പോയ വീടിന്
ഒരു കളറുടുപ്പു വേണമല്ലോ
നാട്ടുകാർ കാണുന്നതല്ലേ
അന്തസ്സ് കാക്കണ്ടതല്ലേ
നക്കാപ്പിച്ചാ കൈയ്യിലില്ലാന്ന്
ആരുമറിയല്ലേ
അങ്ങനെ വന്നതാണല്ലോ.
താത്വികമായി കള്ളനല്ല ഞാൻ.
ഇവർക്കും കാണും കാരണങ്ങൾ.

പിടിക്കപ്പെട്ടോ,
ഞാനോടി
ഒരു വില കുറഞ്ഞ ടീ ഷർട്ടിലൊളിച്ചു.
അവരും പടേന്ന് ചുരിദാറിലും പുതപ്പിലും
ജീൻസിലും ലെഗിൻസിലും ജട്ടിയിലുമൊക്കെ...

പിറ്റേന്ന്
ടീ ഷർട്ട് വാങ്ങിക്കൊണ്ടുപോയത്
ഒരു വസ്ത്രാലങ്കാരക്കാരൻ
അതൊരു ജൂനിയർ ആർട്ടിസ്റ്റ് ഇടുന്നു.
അയാൾ ആക്ഷനിൽ
കമ്പിയിലും കപ്പിയിലുമായുഞ്ഞാലാടി
മോഹൻലാലിന്റെ ഇടികൊണ്ട് തൂറുമ്പോൾ
ഞാങ്കിടന്നു വിറയ്ക്കുന്നു.
വല്ല കാര്യവുമുണ്ടായിരുന്നോ...

മക്കൾ വിളിക്കുന്ന നേരം
ഫോണിൽ, ദാ വരുന്നേ,
ഒരു സിനിമേലഭിനയിക്കുയാണേ
ഒരൊളിച്ചുകളീന്ന പടം
എന്നൊക്കെ തമാശിച്ചു തള്ളി.
ഇവിടെ ജീവിതം ടീടേക്ക്.

അലക്കുകാരൻ നല്ലവൻ
എറ്റിപ്പിഴിത്തില്ല
ഒന്നു മുക്കിയെടുത്ത നേരത്ത്
വീട്ടിലേക്കു നീന്തി.

മൂന്ന്​

പോയാ പോയ വഴി
പിന്നെ കാണത്തില്ല
അവൾ പതിവഴിച്ചുറയട്ടെ...

ഞാനേ വാങ്ങി,
ആ ജനലിന് ചുരിദാർ
നിങ്ങടെ വാതിലിന് ജീൻസ്
അടുക്കളക്ക് പുള്ളികളുള്ള പുതപ്പ്
നിങ്ങടെ പട്ടിക്ക് ഒരു ജട്ടി
പൂച്ചക്ക് ബ്രാ
എല്ലമുണ്ട്.

ഹൊ! ഹൊ!

അവൾ കവറുകൾ തുറക്കവെ
പുറത്തിറങ്ങിയ കള്ളന്മാർ
പരിചപ്പെടാൻ നിൽക്കാതെ
നന്ദി പറയുന്നുണ്ട്.
വീട്ടീന്ന് പോകുമ്പോഴവർക്ക്
വഴി തെറ്റുമോ?

ഡീ
ഡാ
വീട്ടിന് മഴ നനയാതിരിക്കാൻ
ഒരു കുട വാങ്ങാമായിരുന്നില്ലേ?

ഏത് വീട്?

നീയെന്നെ കട്ടതു പോലെ
ഞാൻ നിന്നെ കട്ടതു പോലെ
ഒരു വീടും കട്ടെടുക്കാം.
ചെറുതൊരണ്ണം...
പഷേ
ഒരടുപ്പെങ്കിലും വേണം..

നമുക്ക് നമ്മളെ ചുട്ടു തിന്നണം,
വിശക്കുമ്പോൾ മാന്തി
കട്ടെടുക്കുന്ന കപ്പ.
എന്നിട്ട് നല്ലൊരുടുപ്പിട്ട്
കടപ്പുറം കാണാമ്പോയാലോ....

ശരിക്കുമവിടെയാ
രണ്ടു പേരുമില്ലായിരുന്നു.
ചോരയും ചോരയും കലങ്ങി
കറുത്തു തുടങ്ങും കടൽ മാത്രം .​▮


സാജോ പനയംകോട്

കവി, തിരക്കഥാകൃത്ത്, ചിത്രകാരൻ. പിമ്പുകളുടെ നഗരത്തിൽ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments