സന്ധ്യ എൻ.പി.

കാറ്റുകാലം

പെട്ടെന്നറിയും
അതുവരെ മരത്തിലിരുന്നു മുഷിഞ്ഞ
ഇലകളെല്ലാം നിലത്തിറങ്ങി നടക്കും.
മുറ്റത്തും തൊടിയിലും കൂട്ടയോട്ടം നടത്തും.

ഓട്ടത്തിനിടയിൽത്തന്നെ ചിലർ പാടും,
ചിലർ കലപില കൂട്ടും
രണ്ടോ മൂന്നോ പേർ
ചിലയിടത്ത് തങ്ങിനിൽക്കും.

ഇനിയൊരിക്കൽ
ഓടാനുള്ള ആളുകൾ ഗാലറിയിലിരുന്നാർപ്പുവിളിക്കും പോലെ
പച്ചച്ച ഇലകൾ ഒച്ചപ്പാടുകളുണ്ടാക്കും.
അവയ്ക്കിടയിലൂടെ അണ്ണാന്മാരോടും.
അപ്പോൾ, മഴ വീഴും പോലെ കാറ്റു വീശും.
പൊടികൾപാറി നീങ്ങി വെളിപ്പെട്ട
പഴയ ഓർമകൾക്കുമേൽ
വെയിൽ വീഴുന്നെന്ന
തോന്നലുണ്ടാവും.
കുളിരു തോന്നും.

മഴയാണെന്നു തെറ്റിദ്ധരിച്ച്
കോഴികൾ ചിനച്ചു പാറും.
കൂട്ടത്തോടെ
പരിഭ്രമിച്ചു തലപൊക്കി നോക്കും.
സർപ്പംതുള്ളലിൽ
കന്യകമാർ മുടി നിവർത്തിയാടും പോലെ
മരങ്ങൾ ഒരു കാലിൽ നിവർന്നാടും.
മഞ്ഞവെയിൽ ചുറ്റും പരക്കും.

കളത്തിലെ കറുപ്പു പോലെ
പെട്ടെന്ന്
മരങ്ങൾക്കു കീഴെ തണലാവും.
ശബ്ദങ്ങളെല്ലാം നിലയ്ക്കും.
ഫിനിഷിങ്പോയന്റിലാരോ തൊട്ട പോലെ
ഇലകളുടെ ആർപ്പ് പൊടുന്നനെ പൊങ്ങും.
ഇലകളുടെ നിലയ്ക്കാത്ത ആരവം
കാറ്റുകാലം,
കാറ്റുകാലം,
കാറ്റുകാലം
എന്നാർക്കും!

കാറ്റുകാലം,
കാറ്റുകാലം
കാറ്റു കാലം എന്ന് ആളുകൾ
ഉമ്മറത്ത് കാലു നീട്ടിയിരിക്കും.
ഉറുമ്പുകളുടെ മഹാജാഥ
തലയ്ക്കുമേൽ ഉയർത്തിയ മുട്ടകളുമായി പടികടന്നുകൊണ്ടേയിരിക്കും...

പാറ്റകൾ
ചാട്ടുളി പോലെ ഇരുട്ടിൽനിന്ന്​ വെളിച്ചത്തിലേക്കു പറക്കും.
കാറ്റിന്റെ ഊത്താലടിച്ച്
ഉമ്മറത്ത് ചൂളിയിരിക്കുമ്പോൾ വേലിക്കൽ ,ഇരുണ്ട കുളത്തിൽ പെൺകൊടികൾ മുങ്ങിനിവരും പോലെ ചെമ്പരത്തിയിൽ പൂക്കൾ വിടർന്ന്
കാറ്റിൽ മെല്ലെ ഇളകിക്കൊണ്ടിരിക്കും.
​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സന്ധ്യ എൻ.പി.

കവി. ശ്വസിക്കുന്ന ശബ്​ദം മാത്രം,​ പെൺബുദ്ധൻ എന്നിവ കവിത സമാഹാരങ്ങൾ

Comments