സുകുമാരൻ ചാലിഗദ്ധ

കാട്ടുപക്ഷി

ചിരിച്ചാശകൾ തീർക്കാത്ത
കാനന സൗന്ദര്യമേ ....
ചെലവിടാൻ എനിക്കും നിൻ
കാട്ടിലൊരിടം തരാമോ...

മലകളെയുണ്ടാക്കി പറക്കുന്ന
കുയിലിനെ പോലെയും,
മഴയാട്ടമാടുന്ന മയിലിനെപോലെയും
ഞാൻ മാനായ് പൂത്തിടാം ...

നീലചുണ്ടിലെ നൂൽപ്പുഴയെ
കെട്ടിയിട്ട മരതടിയിനറ്റത്ത്
മാരുതൻ മറന്നുവെച്ച
ചെവിനുള്ളിപൂക്കൾ ഒളിച്ചിരുപ്പുണ്ട്.

വാലിളക്കങ്ങളിൽ നിലാവിനെ
പിടിക്കുമ്പോൾ, വസന്തങ്ങൾ
നീട്ടിവെച്ച കൺകുളിരുകൾ
ഉമ്മകളായി ചുവടുവെയ്ക്കുന്നു.

തെളിനീരിൻ താരാട്ടിനെ
മീൻച്ചിറകിൽ പൂമാലകളാക്കി
പുരനിറയ്ക്കുന്ന സൂര്യനെ കാണാൻ
ഒച്ചയിടാതെ കാത്തിരിക്കുന്ന
പൊൻമാൻകുഞ്ഞായി ഞാനും
കാടുകയറട്ടെ കാട്ടുപക്ഷീ.


Summary: Kattupakshi malayalam poem by Sukumaran Chaligatha published in truecopy webzine packet 223.


സുകുമാരൻ ചാലിഗദ്ധ

വയനാട്ടിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ശ്രദ്ധേയ കവി. റാവുള ഭാഷയിലും മലയാളത്തിലും എഴുതുന്നു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം.

Comments