നഗരത്തിലിറങ്ങിയപ്പോൾ, സ്റ്റാന്റിനടുത്തുള്ള ബാങ്കിൽ
സുഹൃത്തുണ്ടല്ലോ എന്നോർത്തു. കണ്ടിട്ടേറെയായി.
അയാളുടെ ജോലി സ്ഥലത്ത് പോയിട്ടുമില്ലല്ലോ.
കോവണിപ്പടികൾ കയറി മുകളിലെത്തിയപ്പഴേ
സുഹൃത്തിനെ കണ്ടു. തിരക്കുള്ള സമയവുമല്ല.
കുശലങ്ങൾക്കു ശേഷം അയാൾ കാബിനിൽ പോയി
മാനേജരെ പരിചയപ്പെടുത്തുന്നു:
ഇയാൾ ഇന്നയാൾ. എന്റടുത്ത സുഹൃത്ത്.
(തിരിഞ്ഞെന്നോട്)
സാറ് സഹൃദയനാണ്.
വീട്ടിൽ നല്ലൊരു ലൈബ്രറിയുമുണ്ട്.
ഹായ്, കൈ കൂപ്പിയ
എന്നോട് മാനേജർ: പഠിക്കുന്ന കാലത്ത്
ഞാനുമെഴുതിയിരുന്നു കവിതകൾ.
ഞാനിപ്പോൾ എന്തെങ്കിലും
സഹായം ചെയ്യേണ്ടതുണ്ടോ ?....
ബാങ്കിലും സ്‌കൂളിലും കോളേജിലും ഓഫീസുകളിലും
പത്രങ്ങളിലും ബസ്സുകളിലും റേഷനരി വാങ്ങാൻ
കയ്യില് കുത്തുന്നവരിൽ ഭൂരിഭാഗവും
തോറ്റ കവികളാണ്.
അവരെങ്ങനെ വിടർന്ന മനസ്സോടെ,
ചിരിച്ചുകൊണ്ട് നിങ്ങളോട്
ഹായ് പറയും?
കുടുതലാരെയും പരിചയപ്പെടുത്തുന്നില്ല,
സോറി എന്ന് സുഹൃത്ത്.
ഇന്നത്തേക്ക് ഈയൊരൊറ്റ പരിചയപ്പെടൽ
തന്നെ ധാരാളം.
ബാങ്കിൽ നിന്ന് താഴെയിറങ്ങിയ കവിക്കുനേരെ
കൈകൂപ്പി നിൽപുണ്ടൊരു ചെറുപ്പക്കാരൻ:
നമസ്‌കാരം മാഷേ...
കെ.എൽ.എഫിൽ വെച്ച് പരിചയപ്പെട്ടിട്ടുണ്ട്.
എഴുപതുകളെ കുറിച്ച് റിസർച്ച് ചെയ്യുന്നു.
നിങ്ങളുടെ പുസ്തകം
ഇന്നലെ വായനശാലയിൽ നിന്നെടുത്താണ് വായിച്ചത്.
പഴയ കവിതകളാണ് ഇഷ്ടായത്.
തീ തുപ്പുന്ന പഴയ വായ്ത്താരികളുടെ
യൗവനം, ഹാ!..
പുതിയ കവിതകൾ അരാഷ്ടീയ
ചവറുകളാണെന്ന്
മാമനും പറഞ്ഞു.
മാമനിപ്പോൾ കോളേജിൽ നിന്ന് റിട്ടയർ ചെയ്തു,
ഒരൺഎയ്ഡഡ് സ്‌കൂളിന്റെ അഡ്മിൻ.
നിങ്ങളുടെ പഴയ സൗഹൃദത്തെക്കുറിച്ച് പറയാറുണ്ട്.
ഓ, ആ പഴയ മാമന്റെ മരുമോനാണല്ലേ?
മാമനും കവിത എങ്ങനെ എഴുതണമെന്നു
ഇടയ്ക്കിടെ ഉപദേശിക്കുമായിരുന്നു.
എടോ മരുമോനേ, താനും മാമനും പറയുന്നതനുസരിച്ചാണോ
സർവമാന കവികളും എഴുതേണ്ടത്? സ്വന്തം ജീവിതം
തെരഞ്ഞെടുക്കേണ്ടത്?
പൈങ്കിളി പത്രത്തിൽ പ്രൂഫ് വായിച്ചോ
സീരിയലിൽ മുഖം കാണിച്ചോ ഞങ്ങളിൽ ചിലർ
ജീവിച്ചാൽ നിങ്ങൾക്കെന്താടോ കൊഴപ്പം?
നിങ്ങളുടെ ജീവിതം സേയ്ഫാണല്ലോ.
മറ്റുള്ളവരെ അവരുടെ
പാട്ടിനുവിടൂ, പ്‌ളീസ് ...