അഹ്മദ് മിഖ്ദാദ്

കവിതയ്ക്ക്
വിശക്കുന്നു

അഹ്മദ് മിഖ്ദാദ്, വിവർത്തനം: ഡോ. അസീസ് തരുവണ

ടലാസിന് ദാഹിക്കുന്നു,
ഉപ്പുവെള്ളം നിറഞ്ഞ തടാകത്തിൽ മുങ്ങിത്താഴുന്ന അഭയാർത്ഥിയെപ്പോലെ.

മഷിക്ക് വിശക്കുന്നു,
പലസ്തീൻ അമ്മയുടെ
ഗർഭസ്ഥ ശിശുവിനെപ്പോലെ.

പേനയ്ക്ക് തലകറങ്ങുന്നു,
കാലുകൾക്ക് ഇനി വഹിക്കാൻ
കഴിയാത്ത ഒരു വൃദ്ധനെപ്പോലെ.

കൈ വിറയ്ക്കുന്നു,
പനി കൊണ്ട് കത്തുന്ന
നിഷ്കളങ്കയായ
ഒരു പെൺകുട്ടിയെപ്പോലെ.

വരികൾക്ക് സഹിക്കാൻ കഴിയുന്നില്ല,
വിശപ്പിന്റെ കനത്ത അക്ഷരങ്ങൾ,
വാക്കുകൾ വളരെ വരണ്ടത്,
അവ കടലാസിൽ അവശേഷിപ്പിക്കുന്ന അടയാളങ്ങൾ പോലും അവശേഷിപ്പിക്കുന്നില്ല.

കവിക്ക് വാക്കുകളില്ല;
കരച്ചിലും ഞരക്കവും,
മാതാപിതാക്കളെ നഷ്ടപ്പെട്ട
അനാഥനായ
ഒരു കൊച്ചുകുട്ടിയെപ്പോലെ.

വാക്യങ്ങൾ നിരാശാജനകമാണ്,
തിരക്കേറിയ ഒരു നഗരത്തിലെ ആശയക്കുഴപ്പത്തിലായ കുട്ടിയെപ്പോലെ,
അവശിഷ്ടങ്ങളും നാശവും നിറഞ്ഞത്,
വാക്യങ്ങൾ വേദനയാൽ പുളയുന്നു;
വിധിക്ക് കീഴടങ്ങുന്ന
മരണാസന്നനായ
രോഗിയെപ്പോലെ.

പറയൂ,
ഗാസയ്ക്ക് ശേഷവും കവിതയോ?


Summary: Kavithaykku vishakunu poem by Ahmad Miqdad translated by dr aziz tharuvana published in truecopy webzine 243.


അഹ്‌മദ് മിഖ്ദാദ്

പലസ്തീൻ കവി.

ഡോ. അസീസ്​ തരുവണ

എഴുത്തുകാരൻ. കോഴിക്കോട്​ ഫാറൂഖ്​ കോളേജിൽ മലയാള വിഭാഗം മേധാവി. വയനാടൻ രാമായണം, എത്രയെത്ര രാമായണങ്ങൾ, ഗോത്രപഠനങ്ങൾ, വയനാട്ടിലെ ആദിവാസികൾ: ചരിത്രവും വർത്തമാനവും തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments