കാവ്യ പി.ജി.

യു.പി. വിഭാഗം ചിത്രരചനവിഷയം- പൂരപ്പറമ്പ്

തിനക്കുറ്റികൾ കയറുപൊട്ടിച്ച്
ആകാശം കനപ്പിക്കുന്നതിന് മുമ്പ്
വെളുത്ത് തെളിഞ്ഞ ക്യാൻവാസിൽ
ഒരു കുട്ടി
വരച്ചു തുടങ്ങുന്നു.

യു.പി. വിഭാഗത്തിന്
എണ്ണാവുന്നതിനുമപ്പുറംപേർ
അറിയാവുന്നതിനുമപ്പുറം ദേശങ്ങളിൽ നിന്നെത്തി
കിട്ടിയേടത്തെല്ലാം
അടിഞ്ഞു കൂടുന്നു.

ആയിരങ്ങളുടെ
ചവിട്ടിമെതിക്കലിനെ
ചെറുത്ത് പൊന്തുന്നൊരു പൊടിക്കാറ്റ്.
മേടച്ചൂട് മെഴുകിയ റോഡിൽ
പഴുത്തുപൂത്ത
പപ്പടപ്പാദങ്ങളമർത്തി
പച്ചച്ചൂരു പൊഴിച്ച്
വളർന്നു വലുതായിട്ടും
വിലങ്ങു പൊട്ടിക്കാനറിയാത്ത
കൊലകൊമ്പന്മാർ.

വെയിലും കൊണ്ട്
ഇടതും വലതും ചാഞ്ഞ്
ഊരയിൽ ആനത്തോലുരഞ്ഞ്
എഴുന്നള്ളിക്കപ്പെട്ട ഭഗവതി
വെഞ്ചാമരക്കാറ്റിൽ വിയർപ്പാറ്റുന്നു.

വെടിമരുന്നിനു തുണപോയവരും
ആനക്കൊമ്പിൽ
അന്നനാളം വെളിയ്ക്കുകാട്ടി
വിറങ്ങലിച്ചവരുമായി
പലകാലങ്ങൾ
പൂരപ്പറമ്പിൽ
കുഴിച്ചുമൂടിയവർ
തിരക്കെത്തും മുമ്പേ
തൊഴുതു മടങ്ങിയ നടയിൽ
ഇലഞ്ഞിത്തറമേളം.

പെണ്ണുങ്ങൾ
അയിത്തക്കാരികൾ
തീണ്ടാപ്പാടകലെ
തിരക്കൊഴിഞ്ഞിടം വെച്ച
കുപ്പിവളപ്പെട്ടികൾ.

യു.പി. വിഭാഗത്തിന്റെ
പൂരപ്പറമ്പാകെ
വർണ്ണബലൂണുകളാണ്.
സ്വർണ്ണം കൊണ്ട് പപ്പടം കാച്ചിയ മട്ട്
നെറ്റിപ്പട്ടങ്ങൾ.

തിടമ്പേറ്റിയ ആന
ഒരു പശുവിനോളം വരും.
ഏതു തൊഴുത്തിലും കെട്ടാം.
പിന്നെ പാലൈസ്
പീപ്പി
പമ്പരം
പഞ്ചാരിമേളം.

പേറ്റുനോവെത്താറായ
പൊരിച്ചാക്കുകൾ
ചോക്കുമിഠായി.

"ഹായ്! എന്തു ഭംഗി യു.പി. വിഭാഗത്തിന്റെ പൂരപ്പറമ്പെ'ന്ന്
വിധികർത്താക്കൾ
ആവിപാറുന്ന
പിണ്ടങ്ങളുതിർക്കുന്നു.
കടന്നുപോകുന്നു.

തോട്ടിക്കോൽ കൊണ്ട്
കുത്തേറ്റ വണ്ണം
​സംസ്കാരം മസ്തകമുയർത്തുന്നു.▮


കാവ്യ പി.ജി.

കവി. പാലക്കാട് ഐ.ഐ.ടിയിൽ ഹ്യുമാനിറ്റീസ് ആൻറ്​ സോഷ്യൽ സയൻസസ് ഡിപ്പാർട്ട്മെൻറിൽ ഗവേഷണ വിദ്യാർഥി.

Comments