സിദ്ദിഹ

കായിക വാര്‍ത്തകള്‍

കായികാധ്യാപകന്റെ
കുറുക്കന്‍ കണ്ണിനെപ്പേടിച്ച്
കൈയുയര്‍ത്തി വിടര്‍ത്തി വീശി
വ്യായാമം ചെയ്യാറില്ല.

ചെറുമണ്‍തരിയാക്കി
ചെരുപ്പുകൊണ്ടുരയ്ക്കുമെന്നതിനാല്‍
ആര്‍ത്തവമാണെന്നും പറയാറില്ല.

മണിയടിക്കും മുന്‍പേ ഇറങ്ങിയോടി
വരാന്തയിലും മരച്ചോട്ടിലും മൂത്രപ്പുരയിലും
കൂട്ടംകൂടി നില്‍ക്കുന്ന ചെക്കന്മാരെ കണ്ടാല്‍
അടിമുടി പൂത്ത്, പിഞ്ചിലെ വിളഞ്ഞ്
പണ്ടാരമടങ്ങിപ്പോകുമെന്നതിനാല്‍
തട്ടമൊന്നു മാറ്റി തലയുയര്‍ത്തി
സ്‌കൂള്‍മുറ്റത്തിന്റെ
വലുപ്പം പോലും കാണാതെ പോയ
നാണം കൊണ്ട് വേദികള്‍ കയറാതെ പോയ
എനിക്ക്, സാക്ഷി മാലിക്, നിങ്ങളെ
നിങ്ങളുടെ ഉയരത്തെ
എങ്ങനെ മനസ്സിലാവാനാണ്?

ഒന്നറിയാം, നിങ്ങളൂരിവെച്ച ആ ഷൂസുകള്‍
ഒരു രാജ്യം സഞ്ചരിച്ച മുഴുവന്‍
യാത്രകളെയും റദ്ദാക്കുന്നുണ്ട്.

നേടിയ മുഴുവന്‍ മെഡലുകളും
നിങ്ങളുടെ കണ്ണീരില്‍
വെണ്ണീറാവുന്നുണ്ട്.

അതിതുവരെ ഉയര്‍ത്തിയ
ഇരുമ്പുമുഷ്ടികള്‍
തുരുമ്പെടുത്തു പോകുന്നുണ്ട്.

ഗോദയിലെ പെണ്ണിനേയും
ഗോദാറിലെ പെണ്ണിനേയും ഒരുപോലെ
ജീവനോടെ വിഴുങ്ങുന്നുണ്ട്
രാമരാജ്യത്തിന്റെ പെരുമ്പാമ്പുകള്‍.

ഭൂമി പിളര്‍ന്നുപോകുന്നുണ്ട്
പെണ്ണുങ്ങളേ, നിങ്ങളുടെ
ഉൽക്കടാഭിലാഷങ്ങളെ
ഉടലോടെ ഗര്‍ഭം ധരിക്കുവാന്‍.

Comments