ഇന്നലെ
ഉച്ചമയക്കത്തിൽ
എനിക്കെൻ്റെ
കാഴ്ച നഷ്ടപ്പെട്ടു.
ഉണർന്നപ്പോൾ
ഞാനാദ്യം
പരതിയത്
നിന്നെയാണ്.
വെളിച്ചമില്ലാത്ത
ഇടുങ്ങിയ ഒരു ലോകം
എൻ്റെ മുന്നിൽ
ഞാൻ കണ്ടു.
ആ സമയം ഭയം
എന്റെ ഹൃദയത്തെ പിടികൂടി.
കാഴ്ച മങ്ങിയ പോലെ
എൻ്റെ ഓർമ്മകൾ മങ്ങുമോ
എന്ന് ഞാൻ ഒരു മാത്ര ചിന്തിച്ചു.
കണ്ണുകളിൽ
സ്നേഹത്തിൻ്റെ
നിറം മാത്രം കലരുന്നു
ഞാൻ പ്രണയം
മാത്രം കാണുകയും
മറ്റെല്ലാ കാഴ്ചയും
മാഞ്ഞുപോകുന്നു.
പ്രണയത്തിൻ്റെ
കാഴ്ചയിൽ
ഞാനും നീയും
പരസ്പരം
പുണർന്നിരിക്കുന്ന
രണ്ട് വെളിച്ചതുണ്ടുകൾ
മാത്രമാകുന്നു.
സ്വപ്നങ്ങളിൽ ഞാൻ ഒരു പരിമിതമായ ലോകം കണ്ടു.
നീയുള്ളപ്പോൾ
നമ്മൾ വെളിച്ചമായിരിക്കുകയും
നീയില്ലായ്മയിൽ
ഞാൻ ഇരുട്ട്
എന്ന് വിവർത്തനം
ചെയ്യപ്പെടുകയുമാണ്.
നീയില്ലായ്മയിൽ
എന്റെ ലോകം
നിശ്ശബ്ദമാവുകയും
നീ ഉണ്ടാവുമ്പോൾ
മാത്രം
അത് മിണ്ടാൻ തുടങ്ങുകയും
ചെയ്യുന്നു.
കണ്ണുകൾ ജീവിതപ്പാതയെ പ്രകാശിപ്പിക്കുന്നതുപോലെ
നീ എന്റെ പ്രണയത്തെ പ്രകാശിപ്പിക്കുന്നു.
നിന്റെ അഭാവത്തിൽ ഞാൻ ഇടറിവീഴും
നീയില്ലായ്മയിൽ
വീടില്ലാത്ത ഒരു ഹൃദയം
ദയാരഹിതമായി ജ്വലിക്കുന്നു
അന്ധതയിൽ
പ്രണയം പോലെ.
നമ്മൾ പരസ്പരം
പങ്കിടുന്ന
പ്രണയം സ്വാതന്ത്രമാണ്
പ്രണയം അന്ധമാണ്.
ആന്തരിക കാഴ്ച
ജീവിതത്തിൻ്റെ
ആത്മീയ യാത്രയാണ്.
കാഴ്ചക്കപ്പുറം
നീയെന്നെ
ആലിംഗനം ചെയ്യുന്നു.
നിൻ്റെ കാഴ്ചയിൽ
നീ എന്നെ കാണുന്നു,
എന്നെ സ്നേഹിക്കുന്നു,
എന്നെ വിവേകമുള്ളവളാക്കുന്നു
കണ്ണുകൾ
ഹൃദയത്തിലേക്കുള്ള
ഒരു ജാലകം
നീയില്ലാത്ത ഒരു
ഹൃദയത്തിന്
ഒന്നും ചെയ്യാനില്ല.
നിൻ്റെ നോട്ടത്തിന്റെ
വെളിച്ചമിപ്പോൾ
ആത്മാവിലൂടെ
തുളച്ചുകയറുന്നു
എന്റെ ആത്മാവ്
നിന്നെ മാത്രം കാണുന്നു
നീയെന്ന്
അതതിന്റെ
പ്രപഞ്ചത്തിനുള്ളിൽ
ഇരുട്ടിൽ അടയിരിക്കുന്നു.