ഞാൻ മരിച്ചില്ല ഓമനേ
ഓർക്കുവാൻ നീയൊരു
കൊമ്പൊടിച്ചങ്ങ് മാഞ്ഞ് മാഞ്ഞ്
മുയലായപോലെ വളർന്നു.
പുലിവരും നരിക്കാറ്റാന മണൽമഴ
പൂമ്പാറ്റ നുള്ളിയ ചൂരിപ്പഴം
പൂവിന്റെയുള്ളിലെ പേനുമീരും
നാരക്കിക്കിഴങ്ങായി മാറിപ്പോയി.
എടീ...
പാക്കത്തു കോട്ട കരിക്കായി
പണ്ടത്തെ മാലമരം മരിച്ചുപോയപ്പോ
പുഴവെള്ളം നോക്കി കത്തെഴുതി
കത്തും പരുന്തും മരമീനും
പാറക്കടയിലെ കടി തിന്നു.
രാത്രിയും ഞാനുമുറങ്ങാൻ കിടന്നു
കത്തിൽ കുടുങ്ങിയ രാവുണ്ണി ചുള്ളനും
പത്രത്തിൽ കണ്ടൊരു വാർത്തകേട്ട്
പട്ടിക കത്തിച്ച് ചോറുവെച്ചു.
ആ പാട്ട് മീൻപ്പാട്ട് തുടിപ്പാട്ട്
കുഴൽപ്പാട്ട് കാട്ടാടുപ്പാട്ട്
കഴുകാ കഴുകാ കഴുകാ
പാത്രം കഴുകിയോ?
ഉം.
കഴുകിക്കഴുകി ഞാനൊരു
പുഴയിലേക്കെത്തിയപ്പം
എന്റെ പേര് ചോദിച്ചപ്പം
ഞാൻ പറഞ്ഞു കഴുകാന്ന്.
എനിക്കെന്റമ്മ നല്ല
പേരിട്ടിട്ടുണ്ട് ആ പേര്
കണ്ടുപിടിക്കുവാൻ
നടക്കില്ല മനുഷ്യാ...?
ഉം ശരിയാണ്.
പക്ഷേ എന്നെ കഴുകാൻ
നിങ്ങളാരും ഇല്ലല്ലോ മനുഷ്യാ
ഞാൻ തന്നെ കഴുകുവല്ലേ
നീയെറിഞ്ഞ ചീരവിത്ത്
നീ കടിച്ച കോഴിക്കാല്
നീയുമിഞ്ഞ മീനുമുള്ള്
നീക്കുടഞ്ഞ വാളമുള്ള്
എല്ലാം നിങ്ങടെ തീട്ടം
മൂഴുവനും തിന്നിട്ട്
ഞാൻ രാജ്യം കാണുന്നു.
നിങ്ങളെന്തു കാണുന്നു.
ജാതി മതം ചൊവ്വ
ബുധൻ വ്യാഴം വെള്ളി
ശനി ഞായർ തിങ്കൾ
മാർച്ച് ഏപ്രിൽ മെയ് ജൂൺ
അന്നാണ് മഴ.
മീനുകൾ ജോലിക്ക് പോവുന്ന ദിവസം
സൂര്യനും ചന്ത്രനും ഉറങ്ങാത്ത ഭൂമിയും
ഇലക്കളിയിലേർപ്പെട്ട കുഞ്ഞു പുള്ളും
പുല്ല് തിന്നുന്നൊരു പട്ടിക്കുഞ്ഞും
ആകാശം നോക്കിട്ട് റൂളിവാങ്ങിട്ട്
അതുവഴി വന്നൊരു കുട്ടിക്ക് കൊടുത്തിട്ട്
എനിക്കൊരു ചിത്രം വരച്ചു തരണമെന്ന്
പറഞ്ഞു.
വരച്ച് വരച്ച് വഴിയും തീർന്നു
വയലും തീർന്നു
കാടും കരയും കടലും തീർത്തിട്ട്
ഒരു മീൻമുള്ളാക്കിത്തന്നു.
ആഹ.....
ആ മീൻ മുള്ളിലാണിനി പണി.
വാൽമുള്ളിൽ ചെമ്പരത്തി
അരമുള്ളിൽ മല്ലികാപ്പൂ
നടുമുള്ളിൽ നാണിപ്പൂ
കഴുത്തും ചിറകും
കണ്ണും മൂക്കും ചെവിയും
പറക്കുന്ന പൂമ്പാറ്റ....
കഴുകാ കഴുകിയോ?
ഉം.
കഴുകി കഴുകി നിന്നെയൊക്കെ
വൃത്തിയാക്കിട്ടും വൃത്തിയായിലല്ലോ
മാനുഷ്യ പോ പോപോയ് പറക്ക്
പറന്നിട്ട് താഴേക്ക് നോക്ക്.
നോക്കിയോ?
കഴുകാൻ നീ മറന്ന പാത്രവും
ചട്ടിയും കലവും ചെമ്പും തവിയും
അടുക്കളത്തട്ടിൽ നാറുന്നു
ആ നാറ്റം മാറ്റാൻ വേഗം കഴുക് മനുഷ്യാ.
