അനഘ. എ

കിടക്ക

അനഘ. എ

യൗവ്വനത്തിന്റെ
തീവ്രദശയിൽ
മരിച്ചുപോയ
ഒരുവളുടെ
കിടക്കയിലാണ്
ഞാനിപ്പോൾ
എന്റെ ദിവസങ്ങൾ
ചെലവഴിക്കുന്നത്.

കടുനീലനിറമുള്ള വിരിപ്പിൽ
അവളുടെ തണുപ്പ്
ഇപ്പോഴും പാഞ്ഞുനടക്കുന്നു
യൗവ്വനത്തിന്റെ തീവ്രദശയിൽ
അവൾ മാറിമാറിയണിഞ്ഞ
ഉടുപ്പുകൾ
വിയർപ്പു മാറാതെ
ഒരരികിൽ
പല ആകൃതികളിൽ
ഉറങ്ങുന്നു

വൈകുന്നേരങ്ങളിൽ
അവൾ വരാറുണ്ടെന്ന്
പറഞ്ഞാൽ
ഇതൊരു
പ്രേതകവിതയാകും
പെണ്ണുങ്ങൾക്ക്
പ്രേതങ്ങളാകാതെ
തരമില്ലെന്ന്
നിങ്ങൾ കരുതിപ്പോകും.

എങ്കിലും കിടക്കയിൽ
പലനിറപ്പൂവുകൾ വെച്ച്
മടങ്ങിപ്പോകുന്ന
അവളെപ്പറ്റി
അതിലൊരു മഞ്ഞനിറപ്പൂ
മണത്തുനോക്കിക്കൊണ്ട്
എനിക്കെഴുതേണ്ടിവരുന്നു
ശൂന്യതയ്ക്ക് നിറങ്ങൾ വേണമെന്ന്
മറ്റൊരു തീവ്രദശയെ
വായിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
പറിച്ച പൂക്കളാവാം…

യൗവ്വനത്തിന്റെ തീവ്രദശയിൽ
മരിച്ചുപോയവളുടെ കിടക്കയിൽ
ചുരുണ്ടുകൂടി
കിടക്കുകയാണിപ്പോൾ

അത്തരം ദശകളിൽ
മരിക്കാനിടയുള്ളോർക്ക്
ഈ കിടക്കയേയും
അവളെയും
എന്നേയും
ശൂന്യതയേയും
നിറങ്ങളേയും
തങ്ങളുടെ ഉടലിൽനിന്ന്
കവിതയിലേക്ക്
വിവർത്തനം ചെയ്യാനാകും.


Summary: Kidakka, a Malayalam poem written by Anagha A and published in Truecopy Webzine packet 276.


അനഘ. എ

കവി. ഗവേഷക വിദ്യാർത്ഥി, തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല.

Comments