ദേവിക ശ്രീജിത്ത്

കിളവനും കടലും

ചുരത്തീന്ന് ബസ്സിറങ്ങുമ്പം
ഒന്നാമത്തെ വളവില്, തണുപ്പില്
വിരല് വള്ളിച്ചെരുപ്പിൽ മുറുക്കി
കിളവൻ ഡ്രൈവറുടെ ചുമലു തൊട്ടു.
ഒന്ന് മുള്ളണം. 

വളയത്തിലേക്കാഞ്ഞ് കേൾക്കാതയാൾ.
കാടിരമ്പം, കോടക്കാറ്റ്
മുൾകുരിശു ചുമന്ന കുടൽ.
നോക്ക്... മേലാത്തതാന്ന്.

നിർത്താമ്മേല.
വളവാന്ന് കെളവാ…
മലയൂറിയരുവി,
അരുവി നീന്തുന്ന റോഡ്,
തുള്ളുന്ന മീന്.
പിന്നെയും വളവ്. 

മോനേ മുള്ളിപ്പോവും…
മുള്ളിപ്പോവും…
മുള്ളിയെന്നയാൾ.

അമ്മേ പൊഴയെന്നൊരു കുഞ്ഞി.
പൊഴയല്ല കടലാന്ന് മോളേന്നയാള്.
നായിന്റെ മോനേന്ന് ഡ്രൈവറ്.

ചിതറിയ നാരങ്ങയല്ലികൾ.
പറപറന്ന കപ്പലണ്ടിച്ചൂളികൾ.
ബസ്സും പൊളിഞ്ഞ്
കാടും കവിഞ്ഞ് കടൽ....
കടലിലെല്ലാരും ഒലിച്ച് പോന്നതും നോക്കി
കരഞ്ഞ് കരഞ്ഞയാൾ.

Comments