ഷാജി കൊന്നോളി

കിളിമഞ്ചാരോ
(ഹെമിംഗ്‌വേയ്ക്ക്)

നിന്നെ ഉണർത്താൻ
പോരുകാളകൾ നിന്റെ കല്ലറ തേടിവരും
നിന്നെ മറവുചെയ്ത മണ്ണിൽ കൊമ്പുകളാഴ്ത്തി
തലയോട്ടിയിൽനിന്ന് ചെളിവെള്ളം കലക്കിമറിക്കും.
അണക്കെട്ടുപോലെ ഉറപ്പുള്ള
നിന്റെ നെഞ്ചിൻകൂടിനകത്ത് പാറുന്ന
ചുകപ്പ് കൊടികാണുമ്പോൾ
സൂര്യാസ്തമയം കണ്ട രാത്രിയെപ്പോലെ
അവ അമറും.
മലർക്കെ തുറന്നിട്ട നിന്റെ ഹൃദയത്തിനു മുകളിൽ
ചോരയും പൊടിയും പുരണ്ട കുളമ്പുകൾ പതിയും.
അപ്പോൾ അവരുടെ നെറ്റിയിൽ
നിഷ്കളങ്കമായിത്തന്നെ നീ തലോടും.
തോളത്തു കയ്യിട്ട്
ഭ്രാന്തിന്റെ ഖനികളിലേയ്ക്ക്
അവയെ തെളിച്ചുപോകും.
കാണികളുടെ അലർച്ചയിൽ ഭൂമി പിളരും.

ഏർനെസ്റ്റ്
വെടിയുണ്ട നിന്റെ ശിരസ്സുപിളർന്നപ്പോൾ
ഷേവ് ചെയ്യുമ്പോൾ പറ്റിയ ഒരു പോറൽ പോലയേ
തോന്നിയുള്ളൂ എന്ന്
മരണാനന്തരം നീ രേഖപ്പെടുത്തിയത്
പരേതാത്മാക്കളെ വിറകൊള്ളിച്ച
ഒരു വെളിപ്പെടുത്തലായിരുന്നു.

തോല്പിക്കാനാവാത്ത മനുഷ്യരിൽ നിനക്കുള്ള
മുട്ടുമടക്കാത്ത വിശ്വാസംകൊണ്ടായിരുന്നു
കടലിനെ കീഴടക്കാൻ
ദുർബലനും ഏകാകിയുമായ
ഒരു കിഴവനെ നീ അയച്ചത്.

ആഴത്തിലാഴത്തിലിരുട്ടുള്ള കാട്ടിൽ
ആഫ്രിക്കൻ സിംഹങ്ങളോടും മേരിയോടുമൊപ്പം*
നീ ക്രിസ്തുമസ് ആഘോഷിച്ചു.
അപ്പോഴും
ചാവാതെ കടന്നുകളഞ്ഞ വേട്ടമൃഗത്തിന്റെ
കലങ്ങിയിരമ്പുന്ന ചോരയിലായിരുന്നു
നിന്റെ മനസ്സ്.

വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട്
എയർപോർട്ടിലെ ലോബിയിലിരിക്കുമ്പോൾ
മരണത്തിന്റെ ചൂടോടെ
"The Killers", എഴുതി
കഥകളുടെ കിളിമഞ്ചാരോ നീ.

ഒരു പെട്ടിനിറയെ കയ്യെഴുത്തുപ്രതികൾ
ട്രെയിനിൽവച്ച് നഷ്ടപ്പെട്ടുപോയപ്പോൾ
അടുത്ത സ്റ്റേഷനിലിറങ്ങി
അടുത്തുതന്നെയുള്ള ബാറിലേയ്ക്ക് നീ പോയി.
ബെയ്‌സ്ബോൾ ക്യാപ് ഊരിയെറിഞ്ഞ്
അടുത്ത കഥയ്ക്കുവേണ്ടിയുള്ള ചുരുട്ടുകത്തിച്ചു.

"ആയുധങ്ങളോട് വിട" പറഞ്ഞ നീ
കാടത്തം നിറഞ്ഞ കാലാവസ്ഥയിൽ
രോമത്തിന് തീപിടിച്ച വേട്ടനായ്ക്കളോടൊപ്പം
പൊട്ടുന്നതുവരെ മഹാമൗനികളായ
ഇരട്ടക്കുഴൽ തോക്കുമായി
നിന്നെത്തന്നെ കാത്തിരുന്നു.

നിന്റെ അവസാനത്തെ ഇര
നീ തന്നെയായി.

"En esta puta gloria,
vivimos todos emocionados"
(In the fu**ing glory,
we are all living in excitement").

▮

(*ഹെമിംഗ്‌വേയുടെ നാലാമത്തെ ഭാര്യ).

Comments