ഷഹർസാദ

കിളിനോട്ടം

ഷഹർസാദ

കിളികളെക്കാൾ എനിക്കിഷ്ടം
അവയുടെ തൂവലുകളെയാണ്
എപ്പോഴും മൃദുവായി
മറുപടികൾ തരുന്നവ
ഇത്രേം വിഭിന്നമായി
വിടരുന്ന വേറെയൊന്നിനേം
ഞാൻ കണ്ടിട്ടില്ല,
പൂമ്പാറ്റകളെയല്ലാതെ.

പണ്ട് തൂവൽ പുസ്തകത്തിൽ
ഏറ്റവും മൊഞ്ചായി കണ്ടത്
മീൻകൊത്തി പൊന്മാന്റെ തൂവൽ തന്നെ
പിന്നെ തത്തപ്പച്ച
പിന്നെ കാപ്പിക്കുരുപോലെ ചെമ്പോത്തിന്റേം.
കാക്കയ്ക്ക് പിന്നെ ഒരു നിറം മാത്രേ ഉണ്ടായുള്ളൂ
അതുകൊണ്ട് ഇടയ്ക്ക്
കോഴീം കാക്കേം മാറിപ്പോകാറുണ്ട്.

ചെവിയിലെ പൂറ്റം തോണ്ടാൻ
വെല്ലിമ്മ വെറ്റിലപ്പെട്ടിയിൽ
സൂക്ഷിക്കാറ് കറുത്ത തൂവലാണ്
കോഴിപിടിയന്റെ / ഏർളാടി തൂവൽ
പിടിച്ചാണ് ഇംഗ്ലീഷ് ടീച്ചർ
മുന്തിയ ഫെദർടച്ച്‌ ഫീൽ വിവരിച്ചുതന്നത്.

പരുന്തിന്റേം മൂങ്ങയുടേം
തൂവൽ എനിക്ക് വീണുകിട്ടിയിട്ടേ ഇല്ല
പോതാംകീരിക്ക് കാണുന്ന സ്ഥലത്തൊക്കെ
കലപില കൂടി
തൂവൽ പൊഴിക്കാനേ
നേരമുണ്ടായുള്ളൂ.

മയിൽപ്പീലിയോട്
ഒരു പ്രായം വരെ
പ്രണയമായിരുന്നു
അന്നൊക്കെ മയിൽപ്പീലിയെ പ്രണയിക്കാത്ത പെണ്ണുങ്ങൾ ഇല്ല.
ഈ അടുത്തകാലം വരെ
ആകാശം കാണിക്കാതെ
ബയോളജി നോട്ട്ബുക്കിൽ
കുട്ടിക്കൂറ പൗഡറിൽ ഞാൻ സൂക്ഷിച്ച
പീലികളെ ഉമ്മ ആക്രിക്കാരന് തൂക്കി വിറ്റു.

നോക്കൂ.
ഇന്നെനിക്ക് ദേശാടനക്കിളികളെയാണ് ഇഷ്ടം.
പെലിക്കൻ / ഫ്ലാമിങ്കോ / ഓസ്ട്രിച്ച്‌
പിന്നെ കാലുകൾ നീണ്ട വയലക്കൊക്കുകളെയും,
അവർ തൂവലുകൾ പൊഴിക്കാറില്ല.

വവ്വാലുകൾ ഒറ്റയ്ക്ക് പറക്കുന്നത്
കാണാനാണ് എനിക്കിഷ്ടം.
കൂട്ടത്തോടെയാണെങ്കിൽ
എന്നെ ഒറ്റപ്പെടുത്തി ബഹളം വെച്ച്
ഇരുട്ടിൽ ഓടിക്കും.
ഈയിടെയായി കണ്ണടയ്ക്കാൻവരെ
എനിക്ക് പേടിയാണ്.

ഇനി പേടിയില്ലാത്ത
മറ്റേതോ ലോകത്തേക്ക്
നടന്നു കയറണം.
പെൻഗ്വിനെപ്പോലത്തെ ഉടുപ്പിട്ട്
അവയുടെ കൈപിടിച്ച്
തണുപ്പത്ത് നടക്കണം.
അവസാനം കാടക്കുഞ്ഞുങ്ങളെ
അവയുടെ അമ്മ കേൾക്കാതെ
‘കിവി’ എന്ന് വിളിക്കണം.


Summary: Kilinottam, Malayalam Poem written by Shaharsada and published in Truecopy Webzine packet 279.


ഷഹർസാദ

കവി. മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്‌, വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റിൽ പ്രവർത്തിക്കുന്നു. യാത്ര, എഴുത്ത്, വായന ഇഷ്ടപെട്ട മേഖലകൾ.

Comments