പുറംകാഴ്ചകൾക്കുള്ളിൽ നിന്നൊരാളെ
ട്രെയിനിനകത്തേക്ക് വലിച്ചിരുത്തി
അയാളുടെ കൂനിൽ
മെല്ലെ തടവാൻ തുടങ്ങി.
കൂന്
വലുതാകുമ്പോൾ പൊട്ടിത്തെറിക്കുമെന്നും
അതിൽനിന്ന്
ഒരു കൂട്ടം പൂമ്പാറ്റകൾ
പറന്നുപോവുമെന്നും
അയാളെന്നോട് പറഞ്ഞു.
ഒരിക്കൽ,
ഉന്മാദിയായിരുന്ന കാലത്ത്
ഒരു പൂമ്പാറ്റയെ കൊന്ന്
ചിറകെടുത്തത്തിന്റെ
ശാപമാണത്രെ ഈ കൂന്.
കാലടിയിൽ വണ്ടിയിറങ്ങി,
പൊറത്തിരിക്ക്ന്ന ശങ്കരന്
ബീഡികൊടുത്ത്,
അസ്തഗ്ഫിറുല്ലാഹ് ന്ന്
കുറുകിക്കുറുകി,
കുത്തുപാളയെടുത്ത ഒരു ബിൽഡിങ്ങിൽ
ഭാഷ പഠിക്കാൻ ചെന്നുകേറി.
തേഞ്ഞുതീർന്ന
കുറ്റബോധത്തിന്റെ ചെരുപ്പിട്ട്
ഉള്ളിൽകേറിയിരുന്നു.
അടുത്തിരിക്കുന്നവൾ
പൂമ്പാറ്റയുടെ ചിറക് കൊണ്ട്
മുടികെട്ടിയിരിക്കുന്നു.
കൂന് മുളക്കുമെന്നും
പൊട്ടിത്തെറിക്കുമെന്നും
പറഞ്ഞുകൊടുക്കണ്ടേ.
ഭാഷ പഠിച്ചിട്ടാവാം.
ഉച്ചക്കൊരാൾ ചോറിന് വിളിച്ചു.
അവളുടെ പാത്രത്തിൽ നിറയെ പൂമ്പാറ്റച്ചിറകുകൾ.
ആരിത്ര ചിറക് തന്നു?
അമ്മ.
അമ്മക്ക് ചിറകുണ്ടോ?
ഇല്ല, അച്ഛന്റെ ബാക്കി.
കൂന് മുളക്കുമെന്നും
പൊട്ടിത്തെറിക്കുമെന്നും പറഞ്ഞുകൊടുക്കണം.
ഭാഷ പഠിക്കട്ടെ.
രാത്രി
ഇവിടെക്കിടന്നോന്നൊരാൾ വിരിച്ചുതന്നു.
അവന്റെ വിരിപ്പിലെത്ര പൂമ്പാറ്റച്ചിറകുകൾ.
ഉറക്കത്തിലവൻ
പറക്കാറുണ്ടായിരിക്കും.
ഞാൻ ഒരു ചിറക് കൊണ്ട് വിരിച്ചു.
മറ്റൊന്നുകൊണ്ട് പുതച്ചു.
വൈകിയേണീറ്റു.
വൈകിക്കുളിച്ചു.
ശവറിൽ നിന്ന് പൊഴിഞ്ഞ ജലപ്പടങ്ങൾ പെറുക്കി,
ബാഗ് തൂക്കി
ക്ലാസ്സിലേക്ക് പറപറക്കുമ്പോൾ
ഉന്മാദകാലത്ത്
ചിറകെടുത്ത് കളഞ്ഞ പൂമ്പാറ്റയെ ഓർമ്മവന്നു.
അതിനിപ്പോൾ
പുതിയ ചിറക് മുളച്ചിട്ടുണ്ടാവുമോ?
അത് പറക്കുന്നുണ്ടാവുമോ?
ഞാൻ കൈ മുതുകിലേക്ക് നീട്ടി.
മുളച്ചില്ലേ ഇതുവരെ
ഒരു കൂന്.
ഭാഷയറിയാഞ്ഞിട്ടോ
അന്ന് പറഞ്ഞില്ലവൾ
കൂന് മുളക്കുമെന്ന്,
പൊട്ടിത്തെറിക്കുമെന്ന്.
