രണ്ട് തലമുറകൾക്കുമുമ്പ്
ഇപ്പോൾ മറന്നേപോയ ഒരു യുദ്ധകാലത്ത്
ഹൃദയം നിലച്ച് മരിച്ചുപോയ ചെങ്ങാതിക്കുമൊപ്പം സെമിത്തേരിയിലേക്ക് പോവുകയായിരുന്നു
ഞാൻ.
ഒരാംബുലൻസിൽ.
അകലേക്കകലേയ്‌ക്ക് നീങ്ങിനിന്ന
മേഘങ്ങൾക്കുനേരെ.
കുറച്ചു ദൂരം കൂടി ചെന്നാൽ
സെമിത്തേരി എത്തും, അവിടെ
അവനെ അടക്കം ചെയ്യും.
എന്നാൽ, അതിനും മുമ്പ്,
എന്റെയാ ചെങ്ങാതി എന്നെ
ഒരു കടുവയെ ഓർമ്മിപ്പിച്ചു,
അവന്റെ പ്രിയപ്പെട്ട കവിക്കുമൊപ്പം:
സൂര്യനുനേരെ കുതിക്കുന്ന
വെള്ളച്ചാട്ടം കണ്ട്
കാടേ മറന്നുപോയതാണ്, അത്!
കടുവ.
മുഖത്ത് വെള്ളത്തുള്ളികൾ
വീണതുപോലെ തോന്നി.
ഞാനെന്റെ കണ്ണുകൾ തുടച്ചു.
മറ്റൊരു രാജ്യത്തിലായതുകൊണ്ടും
മറ്റൊരു രാജ്യത്തിലെ
സെമിത്തേരിയിലേയ്ക്കായതുകൊണ്ടും
എന്റെ ചെങ്ങാതിയുടെ ശവം
വേഗത്തിൽ തണുക്കാൻ തുടങ്ങി.
അവന്റെ കാൽവിരലുകളിൽ
ഒരുക്കൂടാൻ തുടങ്ങിയ ഇരുട്ട് കണ്ട്
ഞാൻ പുറത്തേയ്‌ക്ക് നോക്കി.
പുറത്തെ വെയിലിലേക്ക് എന്നെയും കൂട്ടി
ആംബുലൻസിൽ നിന്നും
അവൻ ഇറങ്ങുമെന്ന് ഞാൻ വിചാരിച്ചു.
കൈനീട്ടി ഞാനവന്റെ കാലിൽ തൊട്ടു.
ഒരിക്കൽക്കൂടി ഞാനാ
കടുവയെ ഓർത്തു:
നിലയ്ക്കാത്ത വെള്ളച്ചാട്ടത്തിൽ,
അതിന്റെ നിൽപ്പ്!
ജീവിതം!
