ഇടയ്ക്ക് ഒറ്റക്കാണെന്ന് പറയുന്നു.
ചിലപ്പോൾ ആരെയെങ്കിലും പറഞ്ഞയക്കുന്നു.
ഒറ്റയ്ക്ക് പുഴയിൽ കുളിക്കാൻ പോകുന്നത് കണ്ടു.
ഒറ്റയ്ക്ക് നടക്കാൻ പോകുന്നത് കണ്ടു.
വരുന്നവരൊക്കെ ഇതുതന്നെ പറയുന്നു.
വരൂ മുടി മെടഞ്ഞുതരാം.
വരൂ ആകാശക്കണ്ണികളുള്ള കുളത്തിൽ കാലിട്ടിരിക്കാം.
വരൂ പ്രിയപ്പെട്ട പുളിയില മീനട ഉണ്ടാക്കിതരാം-
ഇങ്ങനൊക്കെ പറയുന്നതെന്തിനാ?
മരിച്ചുപോയ ഒരാളുടെ ഏകാന്തതയെ
ഇല്ലാതാക്കേണ്ടതെങ്ങനെയെന്ന്
എനിക്കൊരു പിടിയുമില്ല.
മുത്തശ്ശിയായിട്ടല്ല കൂട്ടുകാരിയായിതന്നെ കാണാം.
മുതർന്ന ഒരാളായിട്ടല്ല,
കൂടെ കളിക്കണ അയിലോക്കത്തെ കുട്ടിയായിതന്നെ കാണാം.
വൈകുന്നേരങ്ങളിൽ പാടത്ത് കുത്തിയിരിക്കാം.
കിളികളുടെ തൂവൽ പുസ്തകങ്ങളിൽ പെറുക്കിവെക്കാം.
എങ്കിലും മരിച്ചുപോയ ഒരാളുടെ ഏകാന്തതയെ -
ഇങ്ങനൊക്കെ ഇല്ലാതാക്കാൻ കഴിയുമോയെന്ന്
എനിക്കൊരു പിടിയുമില്ല.