രമ്യ തുറവൂർ

എന്റെ രാത്രികളിലിരുന്ന്
ഒരു പക്ഷി നിർത്താതെ കൂവുന്നു.

അതിന്റെ കൂവലിനെ
കവിതയിലേക്ക്
പകർത്തുകയാണ് ഞാൻ.

അതിന്റെ കൂവലിന്റേയും
വഴങ്ങാത്ത ഭാഷയുടേയും
മെല്ലിച്ച ഇടവഴിയിൽ
കരിയിലക്കൂട്ടങ്ങൾക്കിടയിൽ നിന്ന്
ഞാനൊരു വാക്ക് കണ്ടെത്തി.

അത് കവിതയിലെഴുതും മുമ്പേ
ഒരു കൂട്ടം പേരറിയാത്ത കിളികൾ
എന്റെ പിൻകഴുത്തിലുരുമ്മി
എങ്ങോട്ടോ പറന്നു പോയി.

എന്നിട്ടും പക്ഷി കൂവൽ നിർത്തിയില്ല.

എവിടെ നിന്നോ
മരിക്കാറായൊരു പുഴ
അനുവാദമില്ലാതെ
എന്റെ കവിതയിൽ വന്നു കയറി.

പിന്നാലെ കാറ്റും മഞ്ഞും വേനലും
നരിയും, കാട്ടുപൂച്ചയും വവ്വാൽക്കൂട്ടങ്ങളും,
പാമ്പും പുഴുക്കളും, ആദിമ മനുഷ്യരും
ഒന്നൊന്നായി വന്നുകൊണ്ടിരുന്നു.

എന്നിട്ടും പക്ഷി കൂവൽ നിർത്തിയില്ല.

പിറ്റേന്ന് പല ജൻമ്മങ്ങളുടെ ഉറക്കച്ചടവോടെ
ഞാനെഴുന്നേൽക്കുമ്പോൾ
‘പകൽ’
എന്റെ വാതിൽപ്പടിയിൽ
കൊക്കു പിളർന്ന് കിടക്കുന്നു.


Summary: Kooval malayalam poetry written by Remya Thuravoor Published in Truecopy Webzine.


രമ്യ തുറവൂർ

കവി, വിവർത്തക. പറഞ്ഞു തീരാത്തത് ക്രവിതാസമാഹാരം) , മൂന്ന് പുണ്യാത്മാക്കളും മറ്റു കഥകളും (ടോൾസ്റ്റോയി ചെറുകഥകൾ വിവർത്തനം), പി.കേശവദേവ് (ജീവചരിത്രം), പതിയാത്ത കാൽപ്പാടുകൾ (ആത്മകഥ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments