കുടുക്ക, മൈഥിലി

കുടുക്ക

വെള്ളേരി നനയ്ക്കുവാൻ
വെള്ളം കൊണ്ടുവരുന്നതിന്
പണിക്കാരി ഉണിച്ചിരയോട്
പണിക്കാരൻ പൊക്കിണൻ
മൺകുടുക്ക
കടം ചോദിച്ചു

കുടുക്ക പൊട്ടിയാൽ
ആങ്ങളമാർ
പൊരയിൽ കയറ്റില്ലെന്ന്
ഉണിച്ചിര
വിഷമം പിടിച്ചു

പൊരയിൽ കയറ്റിയില്ലെങ്കിൽ
എന്റെ പൊരയിൽ പോരാമെന്ന്
പൊക്കിണൻ
വീരം പറഞ്ഞു

മറ്റൊന്നുമറിയാത്ത
പെണ്ണായിരുന്നതിനാൽ
ഉണിച്ചിര
കുടുക്ക കടം കൊടുത്തു

എടുപ്പുള്ള
എന്തെങ്കിലും
നടത്താൻ വിചാരിക്കുന്ന
1ബാല്യേക്കാരനായിരുന്നതിനാൽ
വെള്ളം മതിയായപ്പോൾ
പൊക്കിണൻ
കുടുക്ക പൊട്ടിച്ചു

ഉണിച്ചിര
പൊരയിലേക്ക് പോയില്ല
പൊക്കിണൻ
വാക്ക് മാറിയുമില്ല

അവർക്ക്
കുറെ മക്കളുണ്ടായി

മടുപ്പുവന്ന്
ഒരു ദിവസം
പളനിക്കുപോയ
പൊക്കിണൻ
മടങ്ങിവന്നില്ല

മക്കളെല്ലാം
പല നാടുകളിൽ
ഗതിപിടിക്കാതെ
തുലഞ്ഞു

ഒറ്റക്കായ
ഉണിച്ചിര
മഴക്കാലത്ത്
മരിക്കാൻ കിടക്കുമ്പോൾ
ചിതറിപ്പോയ
മക്കളെ ഓർമവന്ന്
അവസാനമായ്
പറഞ്ഞു

കുടുക്ക
പൊട്ട്യേത് കൊണ്ടല്ലേ...

1ബാല്യേക്കാരൻ - യുവാവ്

മൈഥിലി

മൈഥിലി
മടങ്ങിവന്നു

പതിമൂന്നുകൊല്ലം മുമ്പ്
പൊരയും വിട്ടൊരു
പോക്കായിരുന്നു

കേട്ടറിഞ്ഞ്
ഞങ്ങളെല്ലാം
ഏന്തിനോക്കി

കുടുംബംവക കിട്ടിയ
കെട്ടിടങ്ങളും
നിലങ്ങളുമെല്ലാം
മൈഥിലി
ഓരോരുത്തർക്ക്
ദാനം കൊടുത്തു
ബിരുദാന്തരബിരുദം വരെയുള്ള
സർട്ടിഫിക്കറ്റുകളെല്ലാം
അടുപ്പിൽ കത്തിച്ച്
ചായ കാച്ചി

ഞങ്ങൾ
അന്തംവിട്ടു

മൈഥിലി
പിന്നെയും
പോയി

എവിടെനിന്നോ വന്ന
ഏതോ വണ്ടിയിൽ
എവിടേക്കോ പോയ്

മൈഥിലിയെ
ആലോചിച്ച്
ഞങ്ങൾക്ക് പെരാന്ത് പിടിച്ചു

അത് മാറുവാൻ
ഞങ്ങളൊരു
തീരുമാനത്തിലെത്തി

മൈതിലിക്ക്
പെരാന്താ...

Comments