കുളി കഴിഞ്ഞു വരുന്നവളെക്കുറിച്ച്
ഏതാനും വരികൾ

പിടികിട്ടാപ്പുള്ളിയുടെ
ഒരു ജോഡി കയ്യുറകൾ
കുളി കഴിഞ്ഞുവന്ന സ്ത്രീ
കണ്ട കൊലയുടെ ബാക്കി
അവൾ ഒളിച്ചുവെച്ചു
തുറന്ന വാതിലിലൂടോടിപ്പോയ
നിലവിളി മുടിക്കെട്ടുലച്ചു
മരിച്ച പ്രധാനിയുടെ
ഉടുപ്പുകൾ, വസ്തുക്കൾ,
കുടുംബഫോട്ടോകൾ
നയതന്ത്രബന്ധങ്ങൾ
ചിന്നി ചിതറിവീണു
കുളി കഴിഞ്ഞു വന്ന സ്ത്രീകളുടെ
വിദഗ്ധർ തെളിവെടുപ്പ് തുടങ്ങി
ആദ്യം അവർ യുവതിയെ എടുത്തു
പിന്നെ അവളുടെ ഉടുപ്പുകൾ
വസ്തുക്കൾ, പെട്ടികളുമെടുത്തു
അവളുടെ വിരലടയാളവും കയ്യെഴുത്തും
കുട്ടികളെയും ഭർത്താവിനെയുമെടുത്തു
അവൾ ഭയപ്പെട്ടപ്പോൾ
അവളുടെ ഭയവും അവരെടുത്തു
അവൾ കരഞ്ഞില്ല
അതും അവരെടുത്തു
അവൾ ഇളകാൻ തുടങ്ങിയപ്പോൾ
മാധ്യമപ്രവർത്തകർ അവളെ
ഫോട്ടോയിലൊളിഞ്ഞെടുത്തു
ഏപ്രണിൽ വരുന്ന സ്ത്രീകൾ
ചുറ്റുമുള്ള ഹോട്ടൽമുറികളിൽ
വന്നും പോയും ചലിച്ചു കൊണ്ടിരുന്നു|
ഏപ്രണിൽ വരുന്നവർ
കരയുന്ന യുവതിയെ തൊട്ടു
ഏപ്രണിൽ വരുന്നവർ
ഒരേ നിരയിൽ മുഖം കുനിച്ചിരുന്നു
അവർ കുളിമുറികളെയും വിദഗ്ധരെയും
സോപ്പുലായനിയുടെ ഭാഷയിൽ
പരമാവധി പരിഹരിച്ചു
മുടിനാര് കുരുങ്ങിയ കുളുമുറിനിലം
രണ്ടിലും പൊങ്ങിവന്നു
അവർ വൃത്തിയുടെ ആംഗ്യഭാഷയിൽ
യുവതിയെ ശേഖരിച്ചു
നിലവിളി നനഞ്ഞ മുടിയിഴകളിൽ
നിറയെ മുടിപ്പിന്നുകൾ കുത്തി
ഒച്ചയുടെ മുടിക്കെട്ടൊതുക്കി
ബാൽക്കണിയിലൂടൂർന്നിറങ്ങി
നദിയോരം ചാഞ്ഞ മരച്ചില്ലകൾ
വകഞ്ഞു ആകാശത്തേക്ക്
കൈചൂണ്ടി നിൽക്കുന്ന പ്രതിമയുടെ
അടയാളത്തിലേക്ക് മാഞ്ഞു
പിടികിട്ടാപ്പുള്ളിയുടെ കയ്യുറകൾ ധരിച്ചു

Comments