കുഞ്ചാച്ചിയുടെ
പൂവൻ

റക്കമില്ലാത്തൊരു രാത്രിയുടെ
വക്കത്തിരുന്ന്
വല്യമ്മ പറഞ്ഞു
‘കുഞ്ചാച്ചിയെ കാണണം
കിഴക്കുവരെയൊന്നു പോണം
നീയും പോരേ...’

മത്തനും കുടമ്പുളിയും
പൊതിഞ്ഞുകെട്ടി
പച്ചമലയുടെ ഇടുപ്പു കടന്നു
വല്യമ്മയേപ്പോലെതന്നെയിരിക്കുന്നു
കുഞ്ചാച്ചിയും
അതേ ചിരി, വർത്തമാനം,
നരച്ചമുടി,
ഞെട്ടുകെട്ടൻ പൊകലേടെ മണം ...

ഇടിയിറച്ചികൂട്ടിയുള്ള
ചോറിനൊപ്പം
ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക,
പത്തായഭരണിയിലെ
അരിഷ്ടം

പിന്നെ അടുക്കളയുടെ
അരണ്ട ചായ്പ്പിൽ
അടുക്കിട്ടുടുത്ത
രണ്ടു രഹസ്യങ്ങളായവർ
കുണുക്കുകളിൽ
ഇഞ്ചപതയുന്നകാലം തിളങ്ങി
ഉഴുന്നാടഞാത്തുകളിൽ
ചുളിഞ്ഞയോർമ്മകളനങ്ങി

‘കൂകിത്തുടങ്ങിതേയുള്ളൂ
കൊത്തിപ്പെറുക്കി നടന്നോളും’

പോരുമ്പോൾ കുഞ്ചാച്ചി
രസികനൊരു
കോഴിയെ കാലുകെട്ടി തന്നു

അങ്ങനെ
മലയിറങ്ങി മഴ നനഞ്ഞ്
കുരിശ്ശുവരയ്ക്കുന്ന നേരത്ത്
പര്യംപുറത്ത്
പൂവന്റെ ചിറകിൽവന്നിറങ്ങി
ലുത്തിനിയ ചൊല്ലിക്കഴിഞ്ഞ
വല്യപ്പൻ ഒരു ചെടയൻ കത്തിച്ച്
പുകയിൽനിന്നൊരു
നീണ്ടകൂവലിനൊടുക്കം പറഞ്ഞു
‘കുരുമുളകിട്ടുവച്ച പൂവന്റെ കാല്
വാതത്തിന് പഷ്ട്ടാ ...!’

Comments