ഭൂമി ജെ.എൻ

കുറസോവയുടെ
സ്വപ്നങ്ങളല്ല, എന്റെ…

ഒന്ന്:
നക്ഷത്രങ്ങളുള്ള രാത്രി

ഴമുള്ള കിണർ,
വെള്ളമില്ല

അതിന്റെ ഏറ്റവുമുള്ളിൽ ഞാൻ,
മുട്ടുകുത്തി ഇരിക്കുന്നു.
ആകാശത്തിന്റെ നീലക്കഷ്ണം,
ചെറിയ നക്ഷത്രങ്ങൾ പൊട്ടുകൾ പോലെ ചിതറിക്കിടക്കുന്നു,
എന്റെ കോട്ടൺ പാവാട പോലെ.

വല്ലാത്ത വേദന.
നെഞ്ചിനാണോ? വയറിനാണോ?
കാലുകൾക്കോ? കൈകൾക്കോ?
മനസ്സിലാവുന്നില്ല
ഉൽക്കണ്ഠ
ശരീരം മൊത്തം വ്യാപിച്ചു.

കിണറിന്റെ അകം തണുപ്പായിരുന്നു
വല്ലാത്ത ഒരു മണവും
ഈർപ്പത്തിൽ പാവാട നനഞ്ഞു പടർന്നു.

അതെന്റെ ഒന്നാമത്തെ ആർത്തവമായിരുന്നു

അവശതയിലും എന്റെ പെണ്ണത്തത്തിൽ
അഭിമാനിക്കാൻ ഞാൻ ശ്രമിച്ചു.

രണ്ട്:
ചെറിയ കാര്യങ്ങളുടെ രാജകുമാരൻ

ഞാൻ ഒരു കഥാകാരിയോ
കവിതാകാരിയോ അല്ല
പക്ഷേ എഴുതാനിഷ്ടമുണ്ടായിരുന്നു.
അതാരും വകവെച്ചില്ല
ഞാനതിനനുവദിച്ചുമില്ല.
എന്നെ അറിയാൻ (സ്നേഹിക്കാൻ) അന്നൊന്നും ഞാൻ മനുഷ്യരെ സമ്മതിച്ചിരുന്നില്ല.

ഈ സ്വപ്നത്തിൽ ഞാനൊരു കുഞ്ഞാണ്
വലിയ ആൾക്കൂട്ടം,
തേനീച്ചക്കൂട് പോലെ,
കടന്നൽപ്പുറ്റ് പോലെ,
ഈയാംപാറ്റ പൊതിഞ്ഞ പോലെ,

ആളുകൾ.

അമ്മയുടെ കൈപിടിച്ചാണ് ഞാൻ നടന്നത് (ഓർമ്മ)
പിന്നെപ്പോഴോ
എന്നെ നഷ്ടപ്പെട്ടു (പേടിസ്വപ്നം),
എനിക്ക് നഷ്ടപ്പെട്ടു.

ഞാൻ പേടിച്ചു. നിലവിളിച്ചു.
അമ്മയല്ലാതെ വേറെയാരുടേയും ശ്രദ്ധ എന്റെ മേൽ വരാതിരിക്കാൻ ഞാൻ കഷ്ടപ്പെട്ടു (പ്രാർത്ഥിച്ചു).

ഇരുട്ട് അതിന്റെ ഗർഭപാത്രത്തിലേക്കെന്നെ
വലിച്ചെടുത്തു.

മൂന്ന്:
സൂര്യകാന്തിപ്പാടം.

നുഷ്യരെല്ലാം പല സങ്കീർണതകളുമുള്ളവരാണ്,
ഹൃദയം മുറിപ്പെട്ടുകൊണ്ടേയിരിക്കുന്നവരാണ്,
ഒരുപാട് രഹസ്യങ്ങളുള്ളവരാണ്.

കുഞ്ഞുങ്ങളോട് എനിക്ക് പ്രത്യേകമായി
ഇഷ്ടക്കുറവോ കൂടുതലോ ഇല്ല
എന്ന് വെച്ച് ഞാൻ വിലകുറഞ്ഞ / മോശം മനുഷ്യനാകുമോ?

പക്ഷേ ആളുകൾ കുഞ്ഞുങ്ങളെ
എടുക്കുന്നത് കാണുമ്പോൾ
എനിക്ക് വല്ലാത്ത പേടി തോന്നും
കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്ന
ലോകത്തിനെ എനിക്കറിയാം.

അതെന്നെ ഒരേസമയം നിസ്സഹായയും
എന്നാൽ
വല്ലാത്ത പ്രതികാരത്തിന് ശേഷിയുള്ളവളുമാക്കുന്നുണ്ട്.

നീളമുള്ള പുല്ല് വളർന്നു നിൽക്കുന്ന
സൂര്യകാന്തിപ്പാടങ്ങളുള്ള
കുന്നിൻമുകളിൽ ഭംഗിയുള്ള ഒരു മരമുണ്ടായിരുന്നു
അതിലൊരു കുഞ്ഞിരുന്നാഞ്ഞാലാടുന്നു.

എനിക്കതിനെ വാരിയെടുക്കാൻ തോന്നി
അതിന്റെ മുഖമെന്നെ വല്ലാതത്ഭുതപ്പെടുത്തി.

ചുരുചുരുണ്ട മുടിയുള്ള
വലിയ കണ്ണുകളും
ഒരുപാട് നെറ്റിയുമുള്ള ആ കുഞ്ഞ്
ഞാനായിരുന്നു.

അതിനെയുമെടുത്ത് ഞാനോടാൻ തുടങ്ങി
ആശുപത്രി,
പിന്നെ റോഡ്,
റെയിൽവേസ്റ്റേഷൻ (ട്രെയിനും ഞങ്ങളും മത്സരിച്ചോടി).
കാടും കടലും
ഒക്കെത്താണ്ടി
നില്ക്കാനൊരു സ്ഥലം കിട്ടാതെ നിർത്താതെ ഞാൻ

ഓടിക്കൊണ്ടിരുന്നു.

നാല്:
ഫ്രിഡ

കാണുന്ന ഭംഗിയുള്ള ചിത്രങ്ങൾ
വാക്കുകളാക്കാൻ
ഞാൻ നന്നേ കഷ്ടപ്പെട്ടു
അത് മറ്റുള്ളവരോട് പറയുന്നതിൽ
പലപ്പോഴും പരാജയപ്പെട്ടു.

ആകാശത്തൂന്ന്
ഞാൻ താഴേക്ക് വീണുകൊണ്ടേയിരുന്നു
എന്റെ ശരീരം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു
കണ്ണുകൾ വലിച്ചുതുറക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

കാര്യമില്ല,
ഹൃദയത്തിൽ ടൈംബോംബ് വെച്ചതുപോലെ
ഞാനങ്ങനെ കിടന്നു.

വീഴ്ച കടലിന്റെ
ഉള്ളിലോട്ടാണിപ്പോൾ
ഭംഗിയുള്ള മീനുകളേയും
തിളങ്ങുന്ന ചെടികളേയും
മാന്ത്രിക പവിഴദ്വീപുകളേയും
ഞാൻ കണ്ടില്ല.

വീണുകൊണ്ടേയിരിക്കാനേ എനിക്ക് പറ്റുമായിരുന്നുള്ളൂ.

അഞ്ച്:
ഖലീൽ ജിബ്രാൻ.

ചിരിക്കുന്ന സ്വപ്നങ്ങൾ കുറവാണ്,
സങ്കടങ്ങൾ കൊണ്ടുള്ള പതുപതുത്ത മെത്തയായിരുന്നു
എന്നെ സമാധാനിപ്പിച്ചിരുന്നത്
(അതുകൊണ്ടായിരിക്കുമതങ്ങനെ).

അത് നല്ലതാണെന്ന വിചാരമെനിക്കില്ല കേട്ടോ.

ഉറച്ച പാറപോലെയും
നനുനനുത്ത മേഘം പോലെയുമൊക്കെ
ആവണമെന്നാണെനിക്ക്.

കൊടുങ്കാറ്റിൽ തളർന്നു പോകുന്ന
കുഞ്ഞിച്ചെടിയായി എന്നെ
സങ്കൽപിക്കുന്നതൊക്കെ എന്നേ നിർത്തിയതാണ്
സ്വർഗ്ഗത്തിലേക്കുള്ള നീങ്ങുന്ന ചവിട്ടുപടികൾ കേറിപ്പോകാനുള്ള കൊതിയും പോയി.

ഈ ഭൂമിയാണ് സ്വർഗ്ഗം,
നരകവും.
ഞാൻ തന്നെയാണ് എന്റെ നരകം.

മഴവില്ലിൽ ഉഴുതിക്കളിക്കുന്ന,
സ്നേഹമുള്ളവരെ കെട്ടിപ്പിടിക്കുന്ന,
അഭിമാനത്തോടെ സംസാരിക്കുന്ന,
തന്നോട് തന്നെ കനിവും കൗതുകവുമുള്ള,
വായിക്കുന്ന, ആലോചിക്കുന്ന,
നശിച്ചാലും മരിച്ചാലും
പിന്നെയും പിന്നെയും
ഉയിർത്തെഴുന്നേൽക്കുന്ന,

മുറിവുകളെ നക്കിയുണക്കുന്ന,
ഒരു ചെന്നായയാണ് ഞാനിപ്പോൾ.

വാൻഗോഗിന്റെ നക്ഷത്രങ്ങളുള്ള ആകാശവും
സൂര്യകാന്തിപ്പൂക്കളും
ഹൃദയത്തിന്റെ ഏറ്റവുമുള്ളിലുള്ള കള്ളിയിലാണ് ഞാൻ വെച്ചിരിക്കുന്നത്.

പ്രേമമുള്ള,
ചിരികളുള്ള,
സ്വപ്നങ്ങൾ എന്നെ അന്വേഷിച്ച് വരുന്നതും
കാത്ത് കാത്താണ്
ഞാനിരിക്കുന്നത്.


Summary: Kurasovayude swapnagalalla ente malayalam poem by bhoomi JN Published in Truecopy webzine packet 224.


ഭൂമി ജെ.എൻ.

കവി, പെർഫോമിങ് ആർട്ടിസ്റ്റ്. കേരള യൂണിവേഴ്സിറ്റിയിൽ ഫിലോസഫിയിൽ ഗവേഷക വിദ്യാർത്ഥിനി. ജെൻഡർ, ക്വിയർ തിയറി, സബ്ജക്റ്റിവിറ്റി, പോസ്റ്റ്-മാർക്സിസം, ഫെമിനിസം എന്നിവയാണ് മേഖല.

Comments