ഐഷു ഹഷ്ന

കുറ്റി

"നിനക്കിവിടെയെന്താ കുറവ്' എന്ന കുറ്റിയിൽ കെട്ടിയിട്ട മാടുകളുണ്ട്.

പാരമ്പര്യമായി കിട്ടിയ കുറ്റി.
ഏറിയും കുറഞ്ഞും കയറിന്റെ നീളം.

കുറവുകൾ തിരഞ്ഞാണോ
മൂന്നാംനാൾ മാടിറങ്ങും.

ആദ്യം പാത്രങ്ങൾക്കിടയിൽ തിരയും.
പിന്നെ മുറ്റത്ത് തിരയും.
വീടിന്റെ അകം പൊടിയടിച്ച്,
തുടച്ച് തിരയും.

തോട്ടം കിളച്ച്‌നോക്കും,
അലക്കുകല്ലിന്റെ ചോട്ടിലിരുന്ന് ഓരോ തുണിയും പെറുക്കി കല്ലിലടിച്ചു നോക്കും,
മുറ്റത്തെ വിറകു കൊത്തിനോക്കും,

അടുക്കളയിൽ കയറും.
അടുപ്പിന്റെ ചോട്ടിലിരുന്ന് പൂച്ച
മുഖമുയർത്തി മുരളും "ഇവിടെയില്ല'

ഭരണികളിൽ നിന്നും
അരികഴുകി വേവിച്ചും,
തലേദിവസത്തെ പച്ചക്കറിയരിഞ്ഞ് വേവിച്ചും,
മീൻവെട്ടി വറുത്തും തിരയും.

ഉറക്കമില്ലാതെ നെടുവീർപ്പിട്ടു
പകുതി തുറന്നിട്ട ജനലിലൂടെ ആകാശത്തേക്ക് നോക്കികിടക്കും.

ധൃതിയിൽ ജോലിക്ക് പോകുന്നതിനിടയിൽ സാരിപിടിച്ചിടാൻ കുനിഞ്ഞിരുന്നു
വഴിയിൽ തിരയും.

ചുരിദാറിന്റെ ഷാൾ
കാറ്റിൽ വീശിനോക്കും.

"നിനക്കിവിടെ എന്താണൊരു കുറവ്' എന്ന കുറ്റിയിൽ ഭ്രമണം ചെയ്യുന്നു
മുട്ടുകുത്തി നാക്ക്‌നീട്ടി അപ്പുറത്തെ പുല്ലിലുണ്ടോയെന്ന് മണത്തുനോക്കും.
ഒടുവിൽ ചാണകവും മൂത്രവും
വീണ പുല്ലിൽതന്നെ കുറവ്തിരയും.

സ്വപ്നങ്ങളെ ദൂരെകെട്ടിയിട്ടു മോഹിപ്പിക്കും. അകിടിൽ ഇടിച്ചു പാൽ കറന്നെടുക്കും.
തലോടുമ്പോൾ സ്‌നേഹം കൊണ്ടെന്ന് നിനച്ചു പാൽചുരത്തും
കറവവറ്റുമ്പോൾ കുറ്റിയിൽനിന്നും കയർ ഊരിയെടുക്കാൻ ഒരാൾ വരും.
​അപ്പോഴൊക്കെ മാടുകളുടെ കണ്ണ് നിറഞ്ഞത് തലോടിയ കൈകളോർത്താണ്.

കാണാതായ കുറവുകളെ അവ മറന്നിട്ടുണ്ടാകും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments