നിധിൻ വി.എൻ

കുറ്റിപ്പുറം പാലങ്ങൾ

കുറ്റിപ്പുറം പാലത്തിലൂടെ
പോകുമ്പോൾ
വേനൽ, ഉണക്കിയെടുത്ത പുഴയെ
വില്പനയ്ക്ക് വെച്ചത് കാണാം.

അണപ്പൊട്ടിയൊഴുകിയേക്കാവുന്ന
പ്രകൃതി സ്‌നേഹം,
വൈറലാക്കാൻ സാധ്യതയുള്ള
പുഴയുടെ ശോഷിച്ച ഉടലിനെ
ക്യാമറയിലേക്ക് പകർത്തിവെക്കാം.

വീതിയില്ലാത്ത പാലത്തിലൂടെ
തിടുക്കങ്ങളെല്ലാം വാരിച്ചുറ്റി
ഇഴഞ്ഞിഴഞ്ഞ് പോകുമ്പോൾ,
കണ്ണീരിൽ ഉണക്കിയെടുത്ത
പുഴയെന്ന ഇൻസ്റ്റലേഷനിലേക്ക്
കണ്ണുപായിക്കും.

നീരൊഴുകിയ വഴി നോക്കി
കുപ്പിവെള്ളത്തിൽ
തൊണ്ട നനക്കും,
ചൂടിനെ പ്രാകും.

വേനലവധിക്ക്
കുട്ടികൾക്ക്
കളിക്കാൻ
മൈതാനമായി മാറിയ
പുഴയുടെ വിശാലതയോർത്ത്
അമ്പരക്കും.

ഇടശ്ശേരി ഗോവിന്ദൻ നായരോ
പി. കുഞ്ഞിരാമൻ നായരോ
കാണാത്ത പുഴയുടെ
പഞ്ചാര മണലിനുമുകളിലെ
പുതിയ പാലത്തിലൂടെ
ആക്‌സലേറ്ററിൽ നിന്ന്
കാലെടുക്കാതെ പായും, കാലം.

പഴയ പാലത്തിന്റെ
നരച്ചൊരോർമ്മയിൽ
പുഴയുടെ പ്രൗഢി
ആദരിക്കപ്പെടും.

പുഴയിൽ
കാൽമുക്കി
അക്കരയിലേക്കോ
ആകാശത്തിലേക്കോ
കാഴ്ചയുടെ ചൂണ്ടയെറിഞ്ഞ
പഴയ തലമുറയുടെ
തലക്ക് മുകളിലൂടെ
വേഗത്തിൽ പാഞ്ഞുപോകും
ദൂരങ്ങളെക്കുറിച്ചുള്ള ചിന്തകൾ.

വേനലിൽ
ഒഴുകാൻ മറന്നുപോയ
ജലത്തിൽ
അടിഞ്ഞുകൂടും,
ഇരുകരയുടെയും വിഴുപ്പ്.

എത്ര തന്നെ മുറിച്ചെറിഞ്ഞാലും
പൂർവ്വരൂപത്തിലാകുന്ന
ജാതിപോലെ,
അഴുക്കിലേക്ക് പുഴ ലയിക്കും.

വേനലിൽ,
പുഴമണലിലൂടെ
പാലത്തിന്റെ തണൽപറ്റി
നടന്ന് അക്കരെയെത്തുമ്പോൾ
ഇരുപാലങ്ങളും തീർക്കുന്ന തണലിൽ
കാലികൾ ആശ്വാസം കൊള്ളും.


Summary: Kuttippuram Palangal a malayalam poem written by Nithin VN


നിധിൻ വി.എൻ

കവി, കഥാകൃത്ത്. കടല്‍ച്ചുഴിയിലേക്ക് കപ്പല്‍ ചലിക്കുന്നവിധം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments