ബൈരവനൊരു തമിഴ് ലോറീഡ്രൈവൻ
കൊമ്പൻ; ഇടയ്ക്ക് നാട്ടിലെത്തും
കള്ളിമുണ്ടും കത്തിയുമായ് കറങ്ങും
പേപ്പായെന്ന് വിളിച്ച് പിന്നാലെ കുഞ്ഞുങ്ങളും
നന്നേ നരച്ച കോവിഡ് കാലത്ത്
നയാപൈസയില്ലാതെ ബൈരവൻ
പതിവുപോലെ പേപ്പാ വിളികൾ
ബൈരവൻ തപ്പീ, കിട്ടീ 12 രൂപാ
കുഞ്ഞന്മാരിലൊന്നുമായ് ടൗണിലേക്ക് നടപ്പാണു
കയ്യിൽ തൂങ്ങിയവൾക്ക് വേണ്ടത് മൂന്ന് പുഴുക്കൾ
ഒന്നവൾക്ക്
ഒന്നനുജത്തിയ്ക്ക്
ഒന്നയൽക്കുട്ടിയ്ക്ക്
മഞ്ഞ
പച്ച
ചോപ്പ്
കടയിലെ ചേച്ചിയവളെ
കണ്ണ്
കൊണ്ട്
കളിയാക്കി
ലവൾ ചിരിച്ചു
10 രൂപ നീട്ടി
ചേച്ചിയവൾ നാലു തിരിച്ചുകൊടുത്തു
മനസ്സില്ലാ മനസ്സോടവൾ ഒരെണ്ണം തിരിച്ചുനൽകി
രണ്ടുരൂപാ മടക്കം വാങ്ങി
ചുണ്ടിൽ ചമ്മിയ ചിരിയൊതുക്കി
തീപ്പെട്ടിയ്ക്കും ബീഡിയ്ക്കും
തികയാത്ത ചിരിയൊന്നുമായ്
മറ്റൊരു പുഴു പുറത്തുണ്ട്
ഞങ്ങളെല്ലാംകൂടീയൊറ്റയ്‌ക്കൊരുചിരിചിരിച്ചു
▮
(പുഴു: ഞങ്ങളുടെ നാട്ടിൽ പെൺകുഞ്ഞുങ്ങൾ തലയിലിടുന്ന ബാൻഡിനെ പുഴു എന്ന് വിളിക്കും)