എസ്​. രാഹുൽ

ലാബ്

ഒന്ന്​

ടീച്ചർ: കുട്ടികളേ, നാളെ സയൻസ് എക്‌സിബിഷനാണ്. എല്ലാവരും പരീക്ഷണങ്ങൾ ചെയ്‌തോണ്ട് വരണം.

കുട്ടി
വീട്ടിലെത്തി
അടുക്കളയിലെത്തി
പരീക്ഷണത്തിലെത്തി.

ഒരു മുട്ട
വെള്ളം
ഉപ്പ്
നീളമുള്ള ഗ്ലാസ്

ഗ്ലാസിൽ വെള്ളം നിറച്ചു
ദാഹം തോന്നി
പകുതി കുടിച്ചു

ഉപ്പു വിതറി
വീണ്ടും വെള്ളം നിറച്ചു

മുട്ട ഗ്ലാസിനുള്ളിലേക്കു തള്ളിയിറക്കി

അമ്പമ്പോ!
അവൻ പറഞ്ഞ പോലെ
നടുവിലങ്ങനെ ഒഴുകുന്നു മുട്ട.

രണ്ട്​

ഒരു ഓറഞ്ച്
വെള്ളം
ഉപ്പ്
നീളമുള്ള ഗ്ലാസ്

ഗ്ലാസിൽ വെള്ളം നിറച്ചു
ഉപ്പു വിതറി
ഓറഞ്ച് ഇട്ടു.

ആഹാ!
പൊങ്ങി കിടക്കുന്നു ഓറഞ്ച്

മൂന്ന്​

അടുക്കളയിലെത്തിയ അച്ഛൻ
ഓറഞ്ചെടുത്ത്
തോലി ഇളക്കി
പിന്നെയുമിട്ടു.

അയ്യോ,
കണ്ണിനൊപ്പം
താഴേക്ക്
താഴേക്ക്
വീഴുന്നു ഓറഞ്ച്.

നാല്​

നാളെ എല്ലാവരെയും ഞാൻ ഞെട്ടിക്കും
കുട്ടി ഉറങ്ങാൻ പോയി.

അച്ഛൻ പൊങ്ങി കിടന്ന
മുട്ടയുടെ മേലേ
പൊളിച്ച ഓറഞ്ചിട്ട്
ഗ്ലാസടച്ചു വെച്ചു.

അഞ്ച്​

രാത്രി അല്ലികൾ
വിടർത്തിയോറഞ്ച്
മുട്ട ഉള്ളിലേക്കമർത്തി

പൂജ്യം

രാവിലെ കുട്ടിയുണർന്ന്
കണ്ണുതിരുമി അടുക്കളയിലെത്തി.

വീടിൻ മേൽക്കൂര പൊളിച്ച
ഓറഞ്ച് മരത്തിലാകെ
തൂങ്ങികിടക്കുന്നു
ഓറഞ്ചുമുട്ടകൾ. ​▮

Comments