ഫിറോസ് തിരുവത്ര

രിക്കാൻ എനിക്ക്
ഭയമില്ല.
പക്ഷേ ലജ്ജയുണ്ട്.

എന്റെ കാലത്താണ്
ഗാസ സംഭവിക്കുന്നത്.

മരിച്ചവരുടെ പേരെഴുതി
ഞാനൊരു മീസാൻകല്ല്
പോലുംകുഴിച്ചിട്ടിട്ടില്ല.
അക്രമിക്കെതിരെ
ഒരു കല്ലുപോലും എറിഞ്ഞിട്ടില്ല.

ഗാസക്കാലത്ത് ജീവിച്ചതിന്
ഭീരു എന്നല്ലാതെ മറ്റൊരു തെളിവും
ഞാൻ ബാക്കി വെച്ചിട്ടില്ല.

പക്ഷെ മരിച്ചവർ
നമ്മെ കാണുന്നുണ്ട്.
എന്നെ എന്തായാലും
കാണുന്നുണ്ട്.

നിരപരാധികളുടെ മരണത്തിൽ
നിശ്ശബ്ദനായ ഒരാളെയും
മരിച്ചവർ മറക്കുകയില്ല.

മരിച്ചവർ ഭൂമിയിൽ
അവരുടെയെല്ലാം മറന്നുവെക്കും
ഓർമ്മകൾ ഒഴികെ.

മരിച്ചവർ നമ്മെ കാണുന്നുണ്ട്
നമ്മുടെ കാപട്യം
നമ്മുടെ നിസ്സംഗത
നമ്മുടെ സ്വകാര്യ സംഭാഷണങ്ങൾ
നമ്മുടെ മറവികൾ
എല്ലാം അവർ കാണുന്നുണ്ട്.

എനിക്ക് ലജ്ജ തോന്നുന്നു.
മരിച്ചവരുടെ മുന്നിൽ
എന്നെ അവതരിപ്പിക്കുമ്പോൾ
ന്യൂമോണിയ കൊണ്ടല്ല
ലജ്ജ കൊണ്ട് മരിച്ചവനെന്ന്
പരിചയപ്പെടുത്തണം.

Comments